കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ്‌ മരിച്ചവര്‍ കുറുവങ്ങാട്, ഊരള്ളൂർ സ്വദേശികള്‍; പോസ്റ്റ്‌മോര്‍ട്ടം നാളെ, പരിക്കേറ്റവര്‍ കോഴിക്കോട് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍*


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ്‌ മരിച്ചവര്‍ കുറുവങ്ങാട്, ഊരള്ളൂർ സ്വദേശികള്‍. കുറുവങ്ങാട് നടുത്തളത്തിൽ താഴെ അമ്മുകുട്ടി (70), ഊരള്ളൂർ കാര്യത്ത് വടക്കയില്‍ രാജന്‍ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) എന്നിവരാണ് മരണപ്പെട്ടത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. ബീന (51), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), രാജന്‍ (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സല (60), പത്മാവതി (68), വാസുദേവ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന്‍ (76), അഭിഷ (27), അനുഷ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഊരള്ളൂർ കാര്യത്ത് വടക്കയില്‍ രാജന്‍

ഭാര്യ: സരള, മക്കൾ: സച്ചിൻ രാജ്, രേഷ്മ.
മരുമക്കൾ: സൂരജ്,സ്നേഹ.
അച്ഛൻ: കുറുവങ്ങാട് വടക്കയിൽ പരേതനായ മാധവൻ നായർ, അമ്മ: ലക്ഷ്മി അമ്മ.
സഹോദരങ്ങൾ: ബാലകൃഷ്ണൻ, ദാസൻ, ശശി, പുഷ്പ.

കുറുവങ്ങാട് നടുത്തളത്തിൽ താഴെ അമ്മുകുട്ടി

ഭർത്താവ്: പരേതനായ തൈക്കണ്ടി ബാലൻ നായർ.
മക്കൾ: ദാസൻ, ഗീത, ബാബു, മനോജ്.
മരുമക്കൾ: ഷീജ, ബാലകൃഷ്ണൻ, രജനി, അനുപമ

കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല

ഭർത്താവ്: ആണ്ടിക്കുട്ടി
മക്കൾ: ലിഗേഷ്, അജിലേഷ്
മരുമക്കൾ: വിജിന, അതുല്യ.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 12 പേരാണ് ചികിത്സയിലുള്ളത്. 10 വയസ്സുള്ള കുട്ടി ഐഎംസിഎച്ചിൽ ചികിത്സയിലാണ്. രണ്ട് പേര്‍ക്ക് കാലിലാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിദ്ഗദ സംഘം പരിശോധിക്കുകയാണ്. മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ രാവിലെ 8മണിയോടെ നടക്കും.

അതേ സമയം അപകടത്തില്‍ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) യോടും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിൻ്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ക്ഷേത്രത്തിലെ ഉത്സവം അനുമതിയോടു കൂടെയാണ് നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. റവന്യൂ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.

കൊയിലാണ്ടിയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ മണക്കുളങ്ങര ക്ഷേത്രോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് മറ്റു നാടുകളില്‍ നിന്നടക്കം നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. ഇതിനിടെയാണ് ദാരുണമായ അപകടം നടക്കുന്നത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്.