ഇത് പയറ്റി തെളിഞ്ഞ വിജയം; ദേശീയ കളരിപ്പയറ്റ് മത്സരത്തില്‍ കൊയിലാണ്ടി ഉജ്ജ്വയനി കളരി സംഘത്തിന് പൊന്നിന്‍ തിളക്കം


കൊയിലാണ്ടി: ബാംഗ്ലൂരില്‍ നടന്ന ഭാരതീയ പാരമ്പര്യ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് ഫെഡറേഷന്റെ അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ കൊയിലാണ്ടി ഉജ്ജ്വയനി കളരി സംഘത്തിന് പൊന്നിന്‍ തിളക്കം. സംഘത്തിലെ അഞ്ച് പേരാണ് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

പി.കെ അബ്ദുള്‍ ബഷീര്‍ ഗുരുക്കളുടെ കീഴിലാണ് ഉജ്ജ്വയിനി കളരി സംഘം പ്രവര്‍ത്തിക്കുന്നത്. 36 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ബഷീര്‍ ഗുരുക്കള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമ കൂടിയാണ്. സംഘത്തിലെ എട്ട് പേര്‍ക്ക് ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും ഒമ്പത് പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.

കൊയിലാണ്ടിയ്ക്ക് പുറമെ കാസര്‍കോട് മുതല്‍ മൂന്നാര്‍ വരെയുളള സ്ഥലങ്ങളില്‍ ബഷീര്‍ ഗുരുക്കള്‍ കളരി അഭ്യാസങ്ങള്‍ പഠിപ്പിച്ചു വരുന്നുണ്ട്. കൊയിലാണ്ടിയില്‍ തന്നെ മൂന്ന് സ്ഥലങ്ങളില്‍ ഉജ്ജ്വയിനി കളരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പ്രത്ത് കരയിലും അമ്പ്രാളി കനാലിന് സമീപവും കൊയിലാണ്ടി ടൗണിലും കക്കോടിയിലും കളരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഞ്ച് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉജ്ജ്വയിനി കളരി സംഘത്തിലെ കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. നാല് കേന്ദ്രങ്ങളിലായി 400 പേരാണ് ബഷീര്‍ ഗുരുക്കളുടെ കീഴില്‍ കളരി അഭ്യസിക്കുന്നത്. 7 വയസ് മുതല്‍ 66 വയസുവരെ പ്രായമുളളവരാണ് പരിശീലനം നേടുന്നത്. രാവിലെ 5.30 മുതല്‍ 7 മണി വരെയും വൈകിട്ട് അഞ്ച് മണി മുതല്‍ ഏഴര വരെയുമാണ് ക്ലാസുകള്‍ നടക്കുന്നത്.

ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ കളരിപ്പയറ്റ് ദൈനംദിന പരിശീലനം കൊണ്ട് ആര്‍ജ്ജിക്കാവുന്ന അഭ്യാസമുറയാണെന്ന് ബഷീര്‍ ഗുരുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വ്യക്തി വികാസത്തിനു ആത്മരക്ഷയ്ക്കും ഒരു പോലെ സഹായകമാണ് കളരിയെന്നും അദ്ദേഹം വ്യക്തമാക്കി.