”ഡസ്‌കിലും ബോക്‌സിലും പേനകൊണ്ടും കൈകൊണ്ടും കൊട്ടി ഒരു അടിപൊളി മേളം” സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാലു കുട്ടികള്‍
ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്ക്കിടെ അനുസ്മിത ടീച്ചര്‍ യാദൃശ്ചികമായി കണ്ട കാഴ്ച, അത് മൊബൈലില്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചേയുള്ളൂ, ആ ദൃശ്യങ്ങളിലുള്ള നാല് കുട്ടികള്‍ ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.
തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാംതരത്തില്‍ പഠിക്കുന്ന കുട്ടികളാണ് ബെഞ്ചിലും ബോക്‌സിലും കൊട്ടിക്കൊണ്ട് ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. നിലവ് കൃഷ്ണ, ആദിദേവ്, ഭഗത്, മുഹമ്മദ് റെയ്ഹാന്‍ എന്നീ വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിന്റെ തന്നെ ശ്രദ്ധാകേന്ദ്രവും അഭിമാനവുമായി മാറിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഈ വീഡിയോ പല അധ്യാപകരും പങ്കുവെച്ചപ്പോള്‍ പതിനായിരക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുള്ളത്. കുട്ടികളുടെ കഴിവുകള്‍ക്ക് കയ്യടിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ചിലരാകട്ടെ, തങ്ങളുടെയൊക്കെ ചെറു പ്രായത്തില്‍ ഇതുപോലെ കൊട്ടിയപ്പോള്‍ ടീച്ചര്‍മാരുടെ ചീത്തകേട്ടതിന്റെ പരിഭവ കഥകളും പങ്കുവെച്ചു.
കുറച്ചുദിവസം മുമ്പായിരുന്നു ഈ വീഡിയോ അനുസ്മിത ടീച്ചര്‍ പകര്‍ത്തിയത്. ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസിലിരിക്കെ ഒരു കളിയെന്നോണം ബെഞ്ചിലും ബോക്‌സില്‍ പെന്നുകൊണ്ടും താളത്തോടെ കുട്ടികള്‍ കൊട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ ദൃശ്യം ഫോണില്‍ പകര്‍ത്തുകയായിരുന്നു. അടുത്തദിവസങ്ങളില്‍ സ്‌കൂളിലെ തന്നെ മുഴുവന്‍ ജീവനക്കാരും വാട്‌സ്ആപ്പ് സ്റ്റാറ്റസായും ഫേസ്ബുക്കിലൂടെയും ഈ വീഡിയോ പങ്കുവെച്ചു. ”കുട്ടികളോട് ഇതൊക്കെ പറഞ്ഞപ്പോള്‍ അവര്‍ക്ക് അതിശയമായിരുന്നു” എന്നാണ് ഏഴ് എ ക്ലാസിലെ ക്ലാസ് ടീച്ചറായ റീത്ത ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
ഇതുപോലുള്ള എന്തെങ്കിലും കല പഠിക്കുന്നവരാണെന്നാണ് ആദ്യം കരുതിയത്. കുട്ടികളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും പഠിക്കുന്നില്ലെന്നും വെറുതെ ഒരു നേരമ്പോക്കിന് ചെയ്തതാണെന്നുമാണ് പറഞ്ഞതെന്നും ടീച്ചര്‍ പറയുന്നു. ”എല്ലാവര്‍ക്കും ഈ കലാവാസന വളര്‍ത്താന്‍ താല്‍പര്യമുണ്ട്. പക്ഷേ രക്ഷിതാക്കള്‍ എന്തു പറയുമെന്ന ആശങ്കയിലാണ് മൂന്നുപേര്‍” ടീച്ചര്‍ പറയുന്നു.
ഈ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇതിനെക്കുറിച്ച് സംസാരിക്കാനും അവരെ കലാമികവ് പരിപോഷിപ്പിക്കാന്‍ വേണ്ട സൗകര്യം ചെയ്യണമെന്ന ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ടെന്ന് റീത്ത ടീച്ചര്‍ പറയുന്നു. ഒരു കുട്ടിയുടെ രക്ഷിതാവുമായി ഇതിനകം സംസാരിച്ചിട്ടുണ്ട്. അദ്ദേഹവും താല്‍പര്യത്തോടെയാണ് പ്രതികരിച്ചത്. മറ്റു കുട്ടികളുടെ രക്ഷിതാക്കളെ വരുംദിവസങ്ങളില്‍ കാണുമെന്നും റീത്ത ടീച്ചര്‍ വ്യക്തമാക്കി.
View this post on Instagram