”അധ്യാപകര്‍ വിദ്യാര്‍ഥികളെ മൃഗീയമായി മര്‍ദ്ദിച്ചെന്നും പിന്നീട് ഒത്തുതീര്‍പ്പാക്കിയെന്നുമുള്ള പ്രചരണം വാസ്തവവിരുദ്ധം, സ്‌കൂളിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം”; പ്രതിഷേധിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍


തിരുവങ്ങൂര്‍: തിരുവങ്ങുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ മൃഗീയമായി മര്‍ദ്ദിക്കുകയും പിന്നീട് രക്ഷിതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വാസ്തവിരുദ്ധവും സ്‌കൂളിന്റെ പ്രശസ്തിയെ കളങ്കപെടുത്തുന്നതിനുമാണെന്ന് പ്രധാന അധ്യാപിക കെ.കെ. വിജിത അറിയിച്ചു.

പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയമാണ് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍. വിദ്യാലയത്തെ രക്ഷിതാക്കളുടെ ഇടയില്‍ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദുഷ്പ്രചാരണം. മെഗാ ക്യാമ്പ് എന്നിവ സമയബന്ധിതമായി നടന്നു കൊണ്ടിരിക്കെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും മറ്റും സ്‌കുളിനെതിരെ പ്രചാരണം നടക്കുന്നത്.

3500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷാകര്‍തൃ സമിതിയുണ്ട്. ഇതുവരെ വിദ്യാര്‍ഥികളെ മൃഗീയമായി മര്‍ദ്ദിച്ചെന്ന പരാതി പി.ടി.എ.യുടെ മുമ്പിലോ പ്രധാന അധ്യാപികയുടെ മുമ്പിലോ വന്നിട്ടില്ലെന്നും പ്രധാനാധ്യാപിക അറിയിച്ചു.

കഴിഞ്ഞ ദിവസം പുറത്ത് നിന്നുള്ള 30 ഓളം വിദ്യാര്‍ഥികള്‍ പ്രകടനമായെത്തി സ്‌കൂള്‍ അധ്യയനത്തെ തടസപ്പെടുത്തുകയും ഓഫീസില്‍ അതികൃമിച്ച് കടന്ന് ഒദ്യോഗിക ക്യത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയും ചെയ്തതില്‍ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി കൊയിലാണ്ടി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പോലീസ് കേസെടുക്കാത്തതിലും സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു. പ്രധാന അധ്യാപിക കെ.കെ വിജിത, സ്റ്റാഫ് സെക്രട്ടറി മുനീർ, സതീഷ് ബാബു എന്നിവർ യോഗത്തിൽ സംസാരിച്ചു.