തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്; ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടും പരിഹാരമായില്ല, വെള്ളക്കെട്ടില്‍ മുങ്ങി കടകകളും പ്രദേശവാസിയുടെ വീടും


തിക്കോടി: മഴ ശക്തമായതോടെ വീണ്ടും വെള്ളക്കെട്ടില്‍ മുങ്ങി തിക്കോടി പഞ്ചായത്ത് ബസാര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലെ സലീമിന്റെ വീട്ടിലും വെള്ളം കയറിയ നിലയിലാണുള്ളത്. എല്ലാ മുറികളിലും അടുക്കളയിലും അടക്കം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കയറിയിട്ടുണ്ട്.

തിക്കോടി പഞ്ചായത്ത് ബസാറിലെ അടിപ്പാതയുെട എതിര്‍ ഭാഗത്തായാണ് സലീമിന്റെ വീട്. ദേശീയപാത പണി ആരംഭിച്ചതോടെ തിക്കോടി പഞ്ചായത്ത് മുക്കില്‍ ഡ്രൈനേജ് സംവിധാനമില്ലാത്തതിനാല്‍ വലിയ വെള്ളക്കെട്ടായിരുന്നു രൂപപ്പെട്ടിരുന്നത്. വേനല്‍മഴ ആരംഭിച്ചത് മുതല്‍ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനെതിരെ വെള്ളക്കെട്ടില്‍ തോണിയിറക്കിയും വഗാര്‍ഡ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയും പ്രദേശവാസികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ പെയ്ത മഴയില്‍ സലീമിന്റെ വീട്ടിലും സമീപത്തെ കടകളിലും വെള്ളം കയറിയിരുന്നു. അഞ്ചോളം കടകളായിരുന്നു സലീമിന്റെ വീടിനടുത്തായി ഉണ്ടായിരുന്നത്. കടയിലേയ്ക്ക് വെള്ളം കയറിയതോടെ ഇവയിലധികവും തുറക്കാതെയായി. സലീമിന്റെ വീട് മാത്രമാണ് ഇവിടെയുള്ളത്. വെള്ളം കയറിയതോടെ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് സലീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ വെള്ളം കുറച്ച് വറ്റിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥ കനക്കുന്നതോടെ വീണ്ടും സ്ഥിതി വഷളാവാനാണ് സാധ്യതയെന്ന് സലീം പറയുന്നു.

അറുനൂറ് മീറ്റര്‍ അകലെനിന്നും ഒലിച്ചുവരുന്ന വെള്ളമാണ് തന്റെ വീടിന് പരിസരത്തേയ്ക്ക് ഒഴുകിയെത്തുന്നതെന്നും ഇവിടെ മുന്‍പ് കള്‍വെട്ട് ഉണ്ടായിരുന്നെന്നും എന്നാല്‍ ദേശീയപാത പണി ആരംഭിച്ചതോടെ ഇതും തിക്കോടി പഞ്ചായത്തിന് സമീപവും ഉണ്ടായിരുന്ന കള്‍വെട്ടും ഇല്ലാതായതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായതെന്ന് സലീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ വില്ലേജ് അധികൃതരെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ താല്‍ക്കാലികമായി വീട്ടില്‍ നിന്നും മാറി താമസിക്കണമെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയതെന്നും സലീം പറഞ്ഞു. നിലവില്‍ കുടുംബം ഭാര്യവീട്ടിലേയ്ക്ക് താമസം മാറിയിട്ടുണ്ടെങകിലും സലീം ഇപ്പോഴും ഈ വീട്ടില്‍ തന്നെയാണ് തുടരുന്നത്. വഗാര്‍ഡ് അധികൃതര്‍ വെള്ളക്കെട്ടിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയതായും സലീം പറഞ്ഞു.

Also read..

തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു, പയ്യോളി ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല

യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ