തിക്കോടി അടിപ്പാത: കേന്ദ്ര മന്ത്രിയെ നേരില്‍കണ്ട് മുഖ്യമന്ത്രി, പ്രശ്‌നം പരിഗണനയിലുണ്ടെന്ന് മറുപടി
തിക്കോടി: തിക്കോടിയിലെ അടിപ്പാത വിഷയം പരിഗണനയിലുണ്ടെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി. കഴിഞ്ഞ ദിവസം നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി റിയാസും കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് തിക്കോടി അടിപ്പാത വിഷയം ചര്‍ച്ച ചെയ്തതെന്ന് കാനത്തില്‍ ജമീല എംഎല്‍എ കൊയിലാണ്ടി ന്യൂഡ് ഡോട് കോമിനോട് പറഞ്ഞു.
ചര്‍ച്ചയില്‍ തിക്കോടിയിലെ അടിപ്പാത പ്രശ്‌നം കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും പ്രശ്‌നം പരിഗണനയിലുണ്ട് എന്നും കേന്ദ്രമന്ത്രി പറഞ്ഞതായി കാനത്തില്‍ ജമീല എംഎല്‍എ പറഞ്ഞു. ഒക്ടോബറില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തിക്കോടി ടൗണ്‍ എന്‍.എച്ച് അടിപ്പാത ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കിയിരുന്നു. അനുഭാവപൂര്‍ണം പ്രശ്‌നം പരിഹരിക്കാനാവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്താമെന്ന് അന്ന് മുഖ്യമന്ത്രി ആക്ഷന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു.
തിക്കോടിയില്‍ നിലവിലെ അലൈന്‍മെന്റ് പ്രകാരം ദേശീയപാത പ്രവൃത്തി പൂര്‍ത്തിയായാല്‍ പഞ്ചായത്ത് ഓഫീസ്, ബാങ്ക്, ജില്ലാ തലത്തിലുള്ള കൃഷി ഭവന്‍, തിക്കോടി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടുകയെന്നത് റോഡിന്റെ മറുഭാഗത്തുള്ളവരെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. മേഖലയിലെ പ്രധാന സ്‌കൂളുകളായ സി.കെ.ജി സ്‌കൂളുകളിലേക്കും പയ്യോളി ഹൈസ്‌കൂളിലേക്കും തീരദേശമേഖലയില്‍ നിന്നും നിരവധി കുട്ടികള്‍ പോകുന്നുണ്ട്. അടിപ്പാത ഇല്ലാതായാല്‍ ഇവരുടെ യാത്ര ബുദ്ധിമുട്ടിലാകും. നിലവില്‍ രണ്ടര കിലോമീറ്റര്‍ അകലെ നന്തിയിലും മറുഭാഗത്ത് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പഞ്ചായത്ത് സ്റ്റോപ്പിലുമാണ് അടിപ്പാതയുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും എന്‍.എച്ച്. അധികൃതര്‍ക്കും പലതവണ നിവേദനം സമര്‍പ്പിക്കുകയും നേരില്‍ കാണാവുന്നവരെ കണ്ട് ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Description: Thikkodi Underpass: Chief Minister meets Union Minister