തിക്കോടി പെരുമാള്‍താഴ അംഗന്‍വാടിക്ക് ഇനി വാടക കെട്ടിടത്തില്‍ നിന്നും ഇറങ്ങാം; അംഗൻവാടിക്ക് 3 സെന്റ് സ്ഥലം വിട്ടു നൽകി പ്രവാസി
തിക്കോടി: അംഗന്‍വാടിക്ക് സൗജന്യമായി 3 സെന്റ് സ്ഥലം വിട്ടു നല്‍കി തിക്കോടിയിലെ പ്രവാസി സംരഭകന്‍. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തിക്കോടി പെരുമാള്‍പുരത്തെ പെരുമാള്‍താഴ എണ്‍പത്തിയാറാം നമ്പര്‍ അംഗന്‍വാടിയ്ക്കാണ് ഏറെ നാളത്തെ കാത്തരിപ്പിന് ശേഷം സ്വന്തം സ്ഥലമായത്.
പെരുമാള്‍ പുരത്തെ നൂര്‍ മുല്ലയില്‍ കുന്നുമ്മല്‍ അബ്ദുള്‍ റസാഖാണ് തണല്‍ റോഡിന് സമീപത്തെ തന്റെ 3 സെന്റ് സ്ഥലം അംഗന്‍വാടിക്ക് വിട്ടു നല്‍കിയത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അംഗന്‍വാടിക്ക് സ്ഥലം കണ്ടെത്താനായി വാര്‍ഡ് മെമ്പര്‍ സിനിജയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് അബ്ദുള്‍ റസാഖിനോട് അംഗന്‍വാടിയുടെ അവസ്ഥ സിനിജ പറയുന്നത്. പന്ത്രണ്ട്- പതിമൂന്നോളം കുട്ടികള്‍ സ്ഥിരാമായി ഉണ്ടാവുന്ന അംഗന്‍വാടി വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, അംഗന്‍വാടിക്ക് പുതിയ കെട്ടിടം പണിയാനായി എന്തെങ്കിലും സഹായം ചെയ്യണമെന്നുമായിരുന്നു സിനിജ അബ്ദുള്‍ റസാഖിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം കേട്ടയുടന്‍ തന്നെ അബ്ദുള്‍ റസാഖ് സ്ഥലം സ്വന്തമായി തരാമെന്ന് പറയുകയായിരുന്നു.
സ്ഥലത്തിന്റെ രേഖകള്‍ അബ്ദുള്‍ റസാഖിന്റെ വീട്ടില്‍ വച്ച് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് , ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ , മെമ്പർമാരായ വിശ്വൻ. R , സിനിജ , ജിഷ കാട്ടിൽ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.