തിക്കോടിയില്‍ പൊലീസ് പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ പുനസ്ഥാപിക്കും; സമരം പൂര്‍വ്വാധികം ശക്തമായി തുടരാനും അടിപ്പാത ആക്ഷന്‍ കമ്മിറ്റി തീരുമാനം


തിക്കോടി: തിക്കോടിയില്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ പുന:സ്ഥാപിച്ച് അടിപ്പാത സമരം പൂര്‍വാധികം ശക്തമായി തുടരാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനം. ഇന്നലെ വൈകുന്നേരം നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തത്. തിക്കോടി ടൗണില്‍വെച്ചാണ് യോഗം നടന്നത്. ഇന്ന് അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് തിയ്യതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കും.

എം.എല്‍.എ, എം.പി തുടങ്ങിയ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ-സംസ്ഥാന നേതാക്കളെയും സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വമ്പിച്ച ജനകീയ കണ്‍വെന്‍ഷനോടെ സമരപ്പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അനിശ്ചിതകാല റിലേ നിരാഹാരം, കലക്ട്രേറ്റ് ധര്‍ണ തുടങ്ങിയ സമരപരിപാടികളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സമരസമിതി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 10ന് തിക്കോടിയില്‍ അടിപ്പാതയ്ക്കുവേണ്ടി സമരം ചെയ്യുന്ന ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ജെ.സി.ബി ഉപയോഗിച്ച് റോഡ് പ്രവൃത്തി തുടങ്ങിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയുമായിരുന്നു. ഇവര്‍ക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അക്രമമഴിച്ചുവിടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, പ്രദേശവാസികള്‍ എന്നിങ്ങനെ നിരവധി പേര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു.

കര്‍മ്മസമിതി ചെയര്‍മാന്‍ വി.കെ.അബ്ദുള്‍ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫില്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആര്‍.വിശ്വന്‍, കെ.പി.ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി റംല, മെമ്പര്‍മാരായ എന്‍. എം. ടി അബ്ദുള്ളക്കുട്ടി, സന്തോഷ് തിക്കോടി എന്നിവര്‍ സംസാരിച്ചു.

ജയചന്ദ്രന്‍ തെക്കേക്കുറ്റി, എന്‍ പി മുഹമ്മദ്, വിനോദന്‍ കരിയാറ്റിക്കുനി, ഇബ്രാഹിം തിക്കോടി, ടി.പി പുരുഷോത്തമന്‍, കെ മുഹമ്മദാലി, അശോകന്‍ ശില്പ, വി കെ സബാഹ്, ഇസ്മായില്‍ സി.പി, വി.കെ.ലത്തീഫ്, റിനീഷ്, നദീര്‍, കെ.വി മനോജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കണ്‍വീനര്‍ കെ.വി.സുരേഷ് കുമാര്‍ സ്വാഗതവും ഭാസ്‌കരന്‍ തിക്കോടി നന്ദിയും പറഞ്ഞു.

Summary: Thikkodi Adipatha Action Committee has decided to continue the strike more strongly than before