കള്ളനെ ഭയന്ന് മൂടാടി; മൂന്ന് ദിവസം മുമ്പ് വീടിനുള്ളില്‍ കയറി മാലപൊട്ടിച്ച സംഭവത്തിന് പിന്നാലെ പാലക്കുളം-വെള്ളറക്കാട് ബസ് സ്റ്റോപ്പ് പരിസരങ്ങളിലെ വീടുകളില്‍ കവര്‍ച്ചാ ശ്രമം


മൂടാടി: പാലക്കുളം-വെള്ളറക്കാട് ബസ് സ്റ്റോപ്പ് പരിസരങ്ങളിലുള്ള വീടുകളില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ അര്‍ധരാത്രിയ്ക്കുശേഷമാണ് പ്രദേശത്തെ രണ്ട് മൂന്ന് വീടുകള്‍ മോഷ്ടാവ് കയറിയത്.

ഇതില്‍ ഒരുവീട്ടില്‍ ആളില്ലായിരുന്നു. ഇവിടുത്തെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മോഷ്ടാവിന് അകത്തു കയറാന്‍ കഴിഞ്ഞിട്ടില്ല. മറ്റുവീടുകളില്‍ മോഷണ ശ്രമം നടന്നെങ്കിലും ബഹളം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ടതോടെ മോഷ്ടാവ് ഓടിമറയുകയായിരുന്നു.

മൂന്ന് ദിവസം മുമ്പ് ഈ പ്രദേശത്തുള്ള ഒരു വീട്ടില്‍ മോഷണം നടന്നിരുന്നു. വീട്ടിനുള്ളില്‍ കയറി യുവതിയുടെ മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന കര്‍ശനമാക്കിയെങ്കിലും മോഷ്ടാവിന്റെ ശല്യം തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആളില്ലാത്ത വീട്ടിനുമുമ്പില്‍ കള്ളന്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.