പെരുവട്ടൂരില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളന്മാര്‍; പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: കള്ളന്മാരുടെ ശല്യത്തില്‍ പൊറുതിമുട്ടിയ പെരുവട്ടൂരില്‍ നൈറ്റ് പെട്രോളിങ്ങുമായി നാട്ടുകാര്‍. വാര്‍ഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് കള്ളന്മാരെ പിടികൂടാന്‍ നാട്ടുകാര്‍ ഒന്നിക്കുന്നത്. പെരുവട്ടൂര്‍ എല്‍പി സ്‌ക്കൂളില്‍ ഇന്നലെ വൈകിട്ട് വാര്‍ഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നൂറില്‍പരം പ്രദേശവാസികള്‍ പങ്കെടുത്തു.

കൊയിലാണ്ടി സി.ഐ അബ്ദുള്ള പങ്കെടുത്ത ചടങ്ങില്‍ പ്രദേശവാസികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കള്ളന്മാരുടെ ശല്യത്തിന് പരിഹാരം കാണാനായി പോലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കാനും, അന്വേഷണം ഊര്‍ജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മാത്രമല്ല വാര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ പറ്റാവുന്ന ഇടത്തെല്ലാം സിസിടിവി ക്യാമറ സ്ഥാപിക്കാനും, നാട്ടുകാരുടെ നേതൃത്വത്തില്‍ നൈറ്റ് പെട്രോളിങ് നടത്താനും തീരുമാനമായി. ജാഗ്രത സമിതി കൺവീനർ സുനിത ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സോമൻ വായനാരി, ഷാജി, വിജയഭാരതി ടീച്ചർ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ പൂതക്കുറ്റി നന്ദി പറഞ്ഞു.

Description:Thieves disturbed the sleep of locals in Peruvattur