കെട്ടിയാടിയ വേഷങ്ങളിലൂടെ ആസ്വാദക മനസില്‍ നാരായണ പെരുവണ്ണാന്‍ ഇനിയും ജീവിക്കും; വിടപറഞ്ഞത് തെയ്യം, തിറ കലാരംഗത്തെ അതുല്യ പ്രതിഭ
ഉള്ള്യേരി: കാല്‍ച്ചിലമ്പണിഞ്ഞ്, മുഖത്തെഴുതി ദൈവക്കോലത്തില്‍ ആടാന്‍ ഇനി നാരായണ പെരുവണ്ണാനില്ല. തെയ്യം തിറ കലാരംഗത്ത് തന്റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്.
ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്റെ വിയോഗം തെയ്യം തിറ കലാരംഗത്തിന് തീരാനഷ്ടമാണ്. തെയ്യം കലയെ ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം എണ്‍പത്തിയാറാം വയസിലും തിറയാടിയിരുന്നു. ഈ ഉത്സവ സീസണില്‍ ചൂരക്കാട്ട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണീക്കകരുമകന്റെ വെള്ളാട്ട് കെട്ടിയത് അദ്ദേഹമായിരുന്നു.
പതിനഞ്ചാം വയസില്‍ തുടങ്ങിയതാണ് നാരായണന്‍ ചമയമണിയാന്‍. അച്ഛന്റെ ശിക്ഷണത്തിലാണ് തെയ്യം അഭ്യസിച്ചത്. ഉത്സവ സീസണില്‍ നൂറോളം ക്ഷേത്രങ്ങളില്‍ തെയ്യവും വെള്ളാട്ടവും കെട്ടിയാടും.
വിദേശ രാജ്യങ്ങളിലും രാഷ്ട്രപതി ഭവനിലും തെയ്യവും തിറയും അവതരിപ്പിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം കലാകാരന്മാരിലൊരാളാണ് അദ്ദേഹം. സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡും ഫോക്ലോര്‍ ഫെലോഷിപ്പും ലഭിച്ചിരുന്നു. 54ഓളം രാഷ്ട്രതലവന്മാരുടെ മുന്നില്‍ തെയ്യം അവതരിപ്പിക്കാന്‍ കഴിഞ്ഞതും നാരായണപ്പെരുവണ്ണാന്റെ ജീവിതത്തിലെ അപൂര്‍വ്വ നേട്ടമാണ്.
തെയ്യം കെട്ടിയാടുന്നതില്‍ മാത്രമല്ല, ചമയമൊരുക്കുന്നതിലും മുഖത്തെഴിത്തിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. മക്കളായ നിധീഷും പ്രജീഷും തെയ്യം കലാരംഗത്ത് സജീവമാണ്.