ഒരാഴ്ചയ്ക്കിടെ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി ഇപ്പോഴും കാണാമറയത്ത്, ഇടവേളയ്ക്കുശേഷം കൊയിലാണ്ടിയില്‍ മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു


പൊയില്‍ക്കാവ്: ചെറിയ ഇടവേളയ്ക്കുശേഷം കൊയിലാണ്ടിയില്‍ മോഷണസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ നടക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് ക്ഷേത്രങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ മോഷണം നടന്നത്. ജനുവരി 28ന് നടന്ന ആദ്യ മോഷണ സംഭവത്തില്‍ തന്നെ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലാണ് ജനുവരി 28ന് മോഷണം നടന്നത്. പരാതി നല്‍കിയതിന് പിന്നാലെ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം പരിശോധന നടത്തിയ പോയതല്ലാതെ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ക്ഷേത്രഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

അന്നേ ദിവസം സമീപത്തുള്ള കുറുവങ്ങാട് ശിവക്ഷേത്രത്തിന്റെ ഭണ്ഡാരവും അന്ന് കുത്തിത്തുറന്നതായി ഇവര്‍ പറഞ്ഞു. കൂടാതെ കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന് പണമെടുക്കുകയും ചെയ്തു. 600 രൂപയാണ് ഇവിടെ നിന്ന് നഷ്ടമായത്.

പുതിയകാവ് ക്ഷേത്രക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. ഭണ്ഡാരത്തില്‍ ഒരുമാസത്തെ കാണിക്കവരവുണ്ടായിരുന്നു. ഓഫീസിലെ അലമാര കുത്തിത്തുറന്ന് വെള്ളി അലങ്കാര വസ്തുക്കള്‍ എടുത്തെങ്കിലും അത് പുറത്തൊരിടത്ത് വെച്ചിട്ട് പോകുകയായിരുന്നു. കുറുവങ്ങാട് ശിവക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് ഒരുമാസത്തെ വരവാണ് നഷ്ടമായത്.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണവിവരം അറിഞ്ഞത്. ഭണ്ഡാരത്തിലുണ്ടായിരുന്ന നോട്ടുകള്‍ മാത്രം എടുത്ത് നാണയങ്ങള്‍ അവിടെ മാറ്റിവെച്ച നിലയിലായിരുന്നു. എത്ര രൂപ നഷ്ടമായി എന്നത് വ്യക്തമല്ല.

ക്ഷേത്ര നടപ്പന്തലിനകത്തുള്ള ഇരുമ്പുകൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. കൊയിലാണ്ടി എസ്.ഐ. തങ്കരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. ലഭിച്ച ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ രൂപത്തിന് വലിയ വ്യക്തതയില്ല.

മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രദേശവാസികള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നുണ്ട്. എത്രയും പെട്ടെന്ന് മോഷ്ടാക്കളെ പിടികൂടി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.