മുചുകുന്ന് കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റിലും ബേക്കറിയിലും മോഷണം; സമീപത്തുകൂടി കടന്നുപോയ ലോറിയിലെ ജീവനക്കാര്‍ കണ്ടതോടെ ഓടി രക്ഷപ്പെട്ട് മോഷ്ടാക്കള്‍


മുചുകുന്ന്: മുചുകുന്ന് ഗവ. കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റിലും, സമീപത്തെ ബേക്കറിയിലും മോഷണം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.

ഫ്രഷ് മാര്‍ട്ടെന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രൂട്ട് സൂക്ഷിക്കുന്ന മുറിയിലാണ് മോഷ്ടാക്കള്‍ കയറിയത്. രണ്ടുപേരാണ് അകത്തുകടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിനുള്ളിലുള്ള മുറിയിലാണ് പണവും മറ്റ് സാധന സാമഗ്രികളും സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കള്‍ ഉള്ളിലേക്ക് കടന്നിട്ടില്ല. ഫ്രൂട്ട്‌സ് പോലുള്ള സാധനങ്ങളാണ് നഷ്ടമായത്.

സമീപത്തെ നിഖ ബേക്കറിയില്‍ മേശയിലുണ്ടായിരുന്ന ചെറിയ തുക നഷ്ടപ്പെട്ടു. രണ്ട് റെഡ് ബുള്ളും നഷ്ടപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ കടയുടെ സമീപത്തുകൂടി കല്ലുമായി പോകുകയായിരുന്ന ലോറിയിലെ ആളുകളാണ് മോഷണ സംഭവം കണ്ടത്. മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോറിയിലെ ജീവനക്കാര്‍ കടയുടമകളെ വിവരം അറിയിക്കുകയായിരുന്നു.