മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെത്തി, പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും; തീരസദസ്സ് കൊയിലാണ്ടിയില്‍ പുരോഗമിക്കുന്നു
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനുമായി സംഘടിപ്പിച്ച തീരസദസ്സ് പരിപാടിയ്ക്ക് കൊയിലാണ്ടിയില്‍ തുടക്കം. രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിപാടിയില്‍ ആദ്യം ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗമായിരുന്നു.
കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, മറ്റ് ജനപ്രതിനിധികള്‍ മുന്‍ എം.എല്‍.എ കെ.കെദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശേഷം മത്സ്യത്തൊഴിലാളികളുമായുള്ള സംവാദ പരിപാടി കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ പുരോഗമിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ പ്രശ്‌നപരിഹാരം തേടി എത്തിയിരിക്കുന്നത്.
ഏകദേശം 7680 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തിലുള്ളത്. ഫിഷറീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഓരോ കുടുംബത്തിലും എത്തി തീരസദസ്സ് നോട്ടീസ് വിതരണം ചെയ്യുകയും അവരുടെ പരാതികള്‍ എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി 253 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.