കോടിക്കലില്‍ മിനി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുക, മത്സ്യതൊഴിലാളികള്‍ക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുക; യൂത്ത് ലീഗ് ഏകദിന ഉപവാസ സമരം 26 ന്


കൊയിലാണ്ടി: കോടിക്കലില്‍ മിനി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് ഉപവാസ സമരം നടത്തുന്നു. 26 ന് രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ കോടിക്കല്‍ ടൗണിലാണ് ഏകദിന ഉപവാസ സമരം നടത്തുന്നത്.കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രവും ദിനേനെ മുന്നൂറോളം വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരകണക്കിന് മത്സ്യ തൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ കോടിക്കല്‍ കടപ്പുറത്ത് മിനി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുക, മല്‍സ്യ തൊഴിലാളികള്‍ക്ക് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുക, തീരദേശ മേഖലയിലെ അവഗണനക്കെതിരെയുമാണ് സമരം നടത്തുന്നത്.

മുസ്ലിംലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി ടി.ടി ഇസ്മായില്‍ സമരം ഉദ്ഘാടനം ചെയ്യും. ഉപവാസ സമരത്തില്‍ ജനപ്രതിനിധികള്‍, മല്‍സ്യ തൊഴിലാളികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മത രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. നവകേരള സദസ്സില്‍ മിനി ഹാര്‍ബറിന് വേണ്ടി ഫണ്ട് അനുവദിച്ചെന്ന് കള്ള പ്രചരണമിറക്കി സ്ഥലം എം.എല്‍എയും മൂടാടി പഞ്ചായത്ത് ഭരണ സിമിതിയും മല്‍സ്യതൊഴിലാളികളെ വഞ്ചിച്ചെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.

കിലോ മീറ്ററോളം കടപ്പുറത്ത് മണ്ണ് വന്ന് നികന്നതിനാലും ടണ്‍കണക്കിന് മാലിന്യ കൂമ്പാരങ്ങള്‍ അടിഞ്ഞ്കൂടിയതിനാലും മല്‍സ്യ തൊഴിലാളികള്‍ മരതടികളും കട്ടയും വെച്ച് വള്ളങ്ങള്‍ കടലിലേക്ക് ഇറക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇത് മൂലം പ്രായമായ മല്‍സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാതെയും വള്ളങ്ങള്‍ ഉടന്‍ കേടാകുകയും ലക്ഷങ്ങളുടെ നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാറും എം.എല്‍.എയുമടക്കം അധികാരികള്‍ മത്സ്യ തൊഴിലാളികളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

സമരത്തില്‍ മുസ്ലിംലീഗ്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. പത്ര സമ്മേളനത്തില്‍ പി.കെ മുഹമ്മദലി,പിവി ജലീല്‍,സാലിം മുചുകുന്ന്,ഷാനിബ് കോടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.