റോഡ് കുണ്ടും കുഴിയും ചെളിക്കുളവുമായി; മേപ്പയ്യൂര്‍- നെല്ല്യാടി റോഡിലൂടെ ഓഫ് റോഡ് യാത്ര നടത്തി യൂത്ത് ലീഗ്


മേപ്പയൂര്‍: മേപ്പയൂര്‍ നെല്ല്യാടി റോഡിന്റെശോചനീയവസ്ഥക്കെതിരെ നിയോജക മണ്ഡലം യൂത്ത് ലീഗ് ഓഫ് റോഡ് യാത്ര നടത്തി. മേപ്പയൂരില്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. നെല്ല്യാടി പാലത്തിന് സമീപം അവസാനിച്ചു. പി.സി.സിറാജ് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ.ലത്തീഫ്, ടി.യു.സൈനുദ്ദീന്‍, ഷിഹാബ് കന്നാട്ടി, കെ.അബ്ദുല്‍ സത്താര്‍, സലീം വികാസ്, ഷര്‍മിന കോമത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

മേപ്പയൂര്‍ റോഡ് വികസനത്തിന് മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ വകയിരുത്തിയിരുന്നു. എന്നിട്ടും മേപ്പയൂര്‍-കൊല്ലം റോഡ് ശോചനീയാവസ്ഥയിലാണ്. പലയിടങ്ങളിലും കുണ്ടും കുഴിയുമാണ്. ജലജീവന്‍ പൈപ്പിടല്‍ കൂടിയായതോടെ റോഡിന്റെ വശങ്ങളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മഴ പെയ്താല്‍ നരക്കോട് വഴി റോഡിലൂടെ പോകാന്‍ പ്രയാസമാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. കല്ലങ്കി മേഖലകളില്‍ റോഡില്‍ വിള്ളല്‍ രൂപപ്പെടുന്ന സ്ഥിതിയുമുണ്ടായിരുന്നു.

9.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തി ലാണ് കൊല്ലം-മേപ്പയൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടത്തേണ്ടത്. വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയൂര്‍ എന്നീ നാലു വില്ലേജുകളിലെ മൊത്തം 16555 ഹെക്ടര്‍ ഭൂമിയാണ് നവീകരണത്തിനായി വേണ്ടി ഏറ്റെടുക്കേണ്ടത്.