താത്കാലിക അധ്യാപക നിയമനം, നാടകോത്സവത്തിലൂടെയുള്ള പണം സ്വരൂപണം, പി.ടി.എ ഫണ്ട് പിരിവ്; പയ്യോളി ഹൈസ്കൂളിലെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതിനാൽ ഹെഡ്മാസ്റ്ററെ പ്രതി ചേർത്ത് കേസ് എടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്


കൊയിലാണ്ടി: താത്കാലിക അധ്യാപക നിയമനം, നാടകോത്സവത്തിലൂടെയുള്ള പണം സ്വരൂപണം, പി.ടി.എ ഫണ്ട് പിരിവ് തുടങ്ങി പയ്യോളി ഹൈസ്കൂളിലെ അടിസ്ഥാന വികസനത്തിലെ വ്യാപക ക്രമക്കേട് നടക്കുന്നതിനാൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. ഹെഡ്മാസ്റ്ററെ പ്രതി ചേർത്ത് കേസ് എടുക്കണമെന്ന ആവശ്യവും യൂത്ത് കോൺഗ്രസ് ഉന്നയിച്ചു.

താത്കാലിക അധ്യാപക നിയമനത്തിനായി സ്കൂളിൽ നടക്കുന്ന അഭിമുഖത്തിലും, സ്കൂളിൽ നടത്തിയ പി.ടി.എ ഫണ്ട് പിരിവിലും, സ്കൂൾ ചുറ്റുമതിൽ പൊളിച്ചതിലും, മരം മുറിയിലും, നാടകോത്സവം നടത്തി പണം സ്വരൂപിച്ചതിലുമടക്കം വിവിധ വിഷയങ്ങളിൽ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു,

സാധാരണയായി താത്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളിൽ നടത്തുന്ന അഭിമുഖങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് പങ്കെടുക്കാറുള്ളത്. എന്നാൽ പയ്യോളി അങ്ങാടി ഡിവിഷൻ അംഗമായ വി.പി ദുൽഖിഫിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നതിൽ പ്രയാസമുണ്ടെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞിരുന്നു. ഇതിനു കാരണം സ്കൂളിൽ നടത്തിയ അഴിമതികൾ പരസ്യമായി ചോദ്യം ചെയ്തതിനാലാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

രാഷ്ട്രീയ വിദ്വേഷം വെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ജനപ്രതിനിധിയെ മനപ്പൂർവ്വം മാറ്റി നിർത്താനും, അപമാനിക്കാനും ഹെഡ്മാസ്റ്റർ ഇനിയും ശ്രമിച്ചാൽ സംഘടനാപരമായി ഏത് വിധേനയും അതിനെ നേരിടുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌ പറഞ്ഞു.

യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ ശീതൾ രാജ്, നിയോജകമണ്ഡലം ഭാരവാഹികളായ നിധിൻ പൂഴിയിൽ, തൻഹീർ കൊല്ലം, അഭിനവ് കണക്കശ്ശേരി, അക്ഷയ് ബാബു, രതീഷ് കെ.കെ എന്നിവർ സംസാരിച്ചു.