സഹപ്രവര്‍ത്തകനില്‍ നിന്നും പീഡനം നേരിട്ട യുവതിയോട് സ്വയം പിരിഞ്ഞ് പോവാന്‍ ആവശ്യം; പയ്യോളിയിലെ ആശുപത്രി അധികൃതര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
പയ്യോളി : പയ്യോളി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന സുബ കെയർ ആൻഡ് ക്യൂയർ ഹോസ്പിറ്റലിൽ വച്ച് സഹപ്രവർത്തകനിൽനിന്നും പീഡനമേൽക്കേണ്ടി വന്നു എന്ന് പരാതിപ്പെട്ട യുവതിയോട് ഹോസ്പിറ്റലിൽ നിന്നും സ്വയം പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് പിന്മാറണമെന്ന് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിആവശ്യപ്പെട്ടു. യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു.
പ്രതിക്ക് ഗുണകരമാകുന്ന വിധത്തിൽ അറസ്റ്റ് നീട്ടിക്കൊണ്ട് പോകുന്ന പയ്യോളി പോലീസ് കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും യോഗം വിലയിരുത്തി. പരാതിക്കാരിക്ക് എതിരെയുള്ള നടപടിയിൽ നിന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് പിന്മാറുകയും പ്രതിയെ പയ്യോളി പോലീസ് ഉടൻതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്യാതിരുന്നാൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമരപരിപാടിയിലേക്ക് നീങ്ങാനും യോഗം തീരുമാനിച്ചു.
യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡണ്ട് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ദീൻ ഗാന്ധിനഗർ, ഷനിൽ മലാറമ്പത്ത്, സാരംഗ് ബി രാജ് എന്നിവർ സംസാരിച്ചു. സുദേവ് എസ് ഡി സ്വാഗതവും വിപിൻ വേലായുധൻ നന്ദിയും പറഞ്ഞു.