വീടിന് സമീപത്തെ കുടുംബം ഫോട്ടോ കാണിച്ച് മക്കളെ ഭീഷണിപ്പെടുത്തി; ഉള്ള്യേരി സ്വദേശിനിയുടെ ആത്മഹത്യയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്കെതിരെ മകളുടെ പരാതി
ഉള്ള്യേരി: ഉള്ള്യേരി പാലോറയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മകള്‍ പോലീസില്‍ പരാതി നല്‍കി. പാലോറ കാവോട്ട് ഷൈജി (42) മരിച്ചത് സമീപവാസിയുടെ ഭീഷണിയെ തുടര്‍ന്നാണെന്നാണ് അത്തോളി പൊലീസില്‍ നല്‍കിയ പരാതിയില്‍ മകള്‍ ആരോപിക്കുന്നത്.
ഷൈജിയുടെ വീടിന് സമീപത്തുള്ള ഒരു കുടുംബത്തിലെ നാലുപേര്‍ക്കെതിരെയാണ് പരാതി. ജൂണ്‍ 19ന് പുലര്‍ച്ചെയാണ് ഷൈജിയെ വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്ള്യേരി പാലോറ കാവോട്ട് ഷൈജി (42 )യാണ് ഇക്കഴിഞ്ഞ ജൂണ്‍ 19 ന് പുലര്‍ച്ചെ വീടിന് സമീപം ആത്മഹത്യ ചെയ്തത്. ഷൈജി മരിക്കുന്നതിന്റെ തലേദിവസം വീടിനു സമീപത്തെ ഈ കുടുംബത്തിലെ രണ്ടുപേര്‍ വീട്ടിലെത്തി ആ വീട്ടുകാരനൊപ്പം ഷൈജി നില്‍ക്കുന്ന ഫോട്ടോ കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് മകള്‍ പരാതിയില്‍ ആരോപിക്കുന്നത്.
‘നിങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഈ ഫോട്ടോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്നും’ ഇവര്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 18 വയസുള്ള മകളെയും 11 വയസുള്ള മകനെയുമാണ് ഈ ഫോട്ടോ കാണിച്ചത്. ഷൈജിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഫോട്ടോ വ്യാജമാണെന്നാണ് ഷൈജി പറഞ്ഞത്. ഫോട്ടോ കണ്ടതോടെ മകള്‍ വിഷമിച്ചു കരഞ്ഞു. ഇതോടെ ഷൈജിയും ഏറെ മനോവിഷമത്തിലായിരുന്നു. ആരോടെങ്കിലും സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിറ്റേന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൈജിക്കൊപ്പം ഫോട്ടുയിലുണ്ടായിരുന്നയാളുടെ ഭാര്യയും അമ്മയുമാണ് വീട്ടിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു . പോലീസ് അനേഷണം തൃപ്തികരമല്ലെങ്കില്‍ ആക്ഷന്‍കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികളടക്കം ആരംഭിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.