പഞ്ചായത്ത് റോഡിന്റെ ഭാഗങ്ങളും പോസ്റ്റും തകര്‍ന്നു; കോമത്തുകരയില്‍ ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാത ബൈപ്പാസില്‍ കോമത്തുകരയില്‍ റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഇന്നലെ രാത്രിയാണ് കൈലാസ് റോഡിന് സമീപത്ത് വലിയ തോതില്‍ മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചലില്‍ ഇല്ലത്തുതാഴെ ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡ് തകര്‍ന്നിട്ടുണ്ട്.

രാത്രിമുതല്‍ തന്നെ മണ്ണ് നീക്കാനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്ന് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ ഷീന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ മണ്ണ് തന്നെയാണ് ഇടിഞ്ഞത്. നിലവില്‍ വീടുകള്‍ക്കൊന്നും അപകട ഭീഷണിയില്ലെന്നും അവര്‍ വ്യക്തമാക്കി.

കെ.എസ്.ഇ.ബിയുടെ ഒരു ഇലക്ട്രിക് പോസ്റ്റ് അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധം ഇന്നലെ തന്നെ വിച്ഛേദിച്ചിരുന്നു. റോഡില്‍ നിന്ന് മണ്ണ് മാറ്റിയാലുടന്‍ പോസ്റ്റ് പുനസ്ഥാപിച്ച് വൈദ്യുതി വിതരണം ചെയ്യും.

Summary:The work of removing the soil that has collapsed on the national highway at Komathukara is in progress