കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി; അന്വേഷണവുമായി പഞ്ചായത്ത് അധികൃതര്‍


കീഴരിയൂര്‍: കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി . കീഴരിയൂര്‍ സ്വദേശി പൂവംകണ്ടിതാഴ ഷര്‍ബി ആണ് രംഗത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ പനിയെ തുടര്‍ന്ന് യുവതി ഡോക്ടറെ കാണിക്കാനായി എത്തിയത്. അവിടെ നിന്നും നല്‍കിയ പാരസെറ്റമോള്‍ ഗുളിക പൂപ്പല്‍ പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു.

ഉടനെ തന്നെ ഗള്‍ഫിലുള്ള ഭര്‍ത്താവിന് ഇത് വീഡിയോ അയച്ചുകൊടുത്തു. തുടര്‍ന്ന് ഇന്ന് മീഡിയ വണ്‍ ചാനലില്‍ വാര്‍ത്തായയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ വിവരമറിയുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിര്‍മ്മല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ചാനലില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സെന്ററില്‍ പോയി വിവരമന്വേഷിച്ചപ്പോള്‍ പൂപ്പലുള്ള ഗുളികള്‍ നല്‍കാറില്ലെന്നും കൃത്യമായാണ് ഗുളികള്‍ നല്‍കാറുള്ളതെന്നും 2027 വരെ എക്സപയ ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞതായി പ്രസിഡണ്ട് പറഞ്ഞു.

 

കൂടാതെ ഇതേ സംബന്ധിച്ച് ഹെല്‍ത്ത് സെന്ററിലും പഞ്ചായത്തിലും പരാതി ലഭിച്ചിട്ടില്ലന്നും പറഞ്ഞു. വിശദമായ അന്വേഷണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല, സ്ഥിരം സമിതി അധ്യക്ഷന്‍ ഐ. സജീവന്‍ എന്നിവര്‍ ഷര്‍ബിയയുടെ വീട്ടിലും എത്തി അന്വേഷണം നടത്തി. ഇവര്‍ക്ക് നല്‍കിയ നാല് പാരസെറ്റമോള്‍ ഗുളികകളില്‍ ഒരു ഗുളികയ്ക്ക് നിറ വ്യത്യാസം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മറ്റ് മൂന്ന് ഗുളികയ്ക്കും കുഴപ്പമുള്ളതായി കണ്ടില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല പറഞ്ഞു.

ഇത് സംബന്ധിച്ച് ഡി.എം.ഒ യെ വിവരമറിയിച്ചത് പ്രകാരം ഹെല്‍ത്ത് സെന്ററില്‍ സ്റ്റോര്‍ വെരിഫിക്കേഷന്‍ നടത്താന്‍ തീരുമാനമായിട്ടുണ്ടെന്നും പരിശോധനയ്ക്ക് ശേഷം ഇത്തരം ഗുളികകള്‍ കണ്ടെത്തിയാല്‍ മരുന്ന് വിതരണം ചെയ്യുന്ന കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്നും കെ.കെ നിര്‍മ്മല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ സ്റ്റോര്‍ വെരിഫിക്കേഷന്‍ നടത്തി കഴിയുന്നതു വരെ ഹെല്‍ത്ത് സെന്ററില്‍ നിന്നും പാരസെറ്റമോള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനവും സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.