ഉറക്കമുണര്‍ന്നത് വലിയ ശബ്ദം കേട്ട്; കനത്ത മഴയില്‍ പുറക്കാട് വീടിന് സമീപത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു


തിക്കോടി: കനത്ത മഴയില്‍ പുറക്കാട് വീടിന് സമീപത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. തിക്കോടി പഞ്ചായത്തലെ പുറക്കാട് എട്ടാം വാര്‍ഡ് കൊപ്പരക്കണ്ടെ ചക്കാലക്കല്‍ ഷംസുവിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ്താഴ്ന്നത്.

പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. വലിയ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീടിന് സമീപത്ത് തന്നെയാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. കിണര്‍ മുഴുവനായും ഇടിഞ്ഞ്താഴ്ന്ന നിലയിലാണുള്ളത്.

ശ്രദ്ധയില്‍പ്പെട്ട ഉടനെ സമീപത്തെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നിലവില്‍ വാര്‍ഡ് മെമ്പറെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചതായി വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ്‌ഡോട് കോമിനോട് പറഞ്ഞു.