കനത്ത മഴ; അരിക്കുളത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു


അരിക്കുളം: ശക്തമായ മഴയില്‍ അരിക്കുളത്ത് കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. അരിക്കുളം കാരയാട് രണ്ടാം വാര്‍ഡില്‍ കിണറുള്ളകണ്ടി കെ.കെ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

ആള്‍മറയുള്ള കിണറിലെ മോട്ടോറടക്കം ഇടിഞ്ഞുതാഴുകയായിരുന്നു. രാവിലെ തന്നെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. പ്രദേശത്ത് രണ്ടുദിവസമായി കനത്തമഴയാണ് പെയ്യുന്നത്. ഇന്ന് രാവിലെയും മഴ ശക്തമായി പെയ്തിരുന്നു. പ്രദേശത്ത് ഇതുവരെയും കിണര്‍ ഇടിഞ്ഞിട്ടില്ലെന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ വാര്‍ഡ് മെമ്പറും മറ്റും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.