കൊല്ലം-നെല്ല്യാടി റോഡിലെ തലതിരിഞ്ഞ അടിപ്പാത തീരാതലവേദനയാകുന്നു; രണ്ടുദിവസം മഴ പെയ്തതിന്റെ വെളളക്കെട്ട് ഇപ്പോഴും തുടരുന്നു, താല്‍ക്കാലിക പരിഹാരമുണ്ടാക്കി തടിയൂരുകയല്ല വേണ്ടതെന്ന് യാത്രക്കാര്‍


കൊല്ലം: കൊല്ലം-നെല്ല്യാടി റോഡിലെ തലതിരിഞ്ഞ അടിപ്പാത യാത്രക്കാര്‍ക്ക് തീരാദുരിതമാകുന്നു. രണ്ടുദിവസം മുമ്പ് പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. അടിപ്പാതയുടെ അടിഭാഗത്ത് റോഡ് കാണാത്തവിധം വെള്ളം കെട്ടിക്കിടക്കുന്ന നിലയിലാണ് ഇപ്പോഴും.

ഇരുഭാഗത്തും സര്‍വ്വീസ് റോഡ് തകര്‍ന്ന കുണ്ടും കുഴിയുമായി വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇരുചക്രവാഹന യാത്രക്കാരും ചെറുവാഹനങ്ങളിലുള്ളവരുമാണ് ഏറെ പ്രയാസപ്പെടുന്നത്. ചെറുവാഹന യാത്രികര്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ രൂക്ഷമായ വെള്ളക്കെട്ട് കാരണം വാഹനയാത്ര ദുരിതമായി തീര്‍ന്നിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തുടര്‍ന്ന് താല്‍ക്കാലത്തേക്ക് ക്വാറി വെയ്സ്റ്റും മറ്റുമിട്ട് തല്‍ക്കാലത്തേക്ക് പരിഹാരമുണ്ടാക്കുകയാണ് ചെയ്തത്.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ മേഖലയില്‍ ആദ്യം നിര്‍മ്മിച്ച അടിപ്പാതകളിലൊന്നാണ് കൊല്ലം നെല്ല്യാടി റോഡിലേത്. റോഡില്‍ നിന്ന് മാറിയാണ് അടിപ്പാത നിര്‍മ്മിച്ചത്. റോഡില്‍ നിന്ന് യൂടേണ്‍ എടുത്തുവേണം അടിപ്പാതയിലേക്ക് കയറാന്‍ എന്നതാണ് അവസ്ഥ. ഇത് ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്. കൊല്ലം നെല്ല്യാടി റോഡിന്റെ വികസന പ്രവൃത്തിക്കൊപ്പം അടിപ്പാതയിലേക്ക് കടക്കുന്ന ഭാഗത്ത് റോഡിന്റെ വീതികൂട്ടി ഈ വളഞ്ഞവഴിക്ക് പരിഹാരകാണാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനായുള്ള നടപടികളും അനിശ്ചിതത്വത്തിലാണ്.