മുത്താമ്പി റോഡിലെ അടിപ്പാതയിലെ വെള്ളക്കെട്ടിനും അപകടക്കുഴികള്‍ക്കും ഉടന്‍ പരിഹാരം കാണണം; ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ച് സി.പി.എം


ചെങ്ങോട്ടുകാവ്: മുത്താമ്പി റോഡിലെ അടിപാതയിലെ വെള്ളക്കെട്ടിനും അപകടക്കുഴികള്‍ക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. അണ്ടര്‍പ്പാസിലെ വെള്ളക്കെട്ടും കുഴികളും കാരണം ഇതുവഴി കടന്നുപോകുന്നവര്‍ ഏറെ പ്രയാസങ്ങളാണ് നേരിടുന്നത്. ഈ കാര്യത്തില്‍ ദേശീയപാത അധികൃതരും തികഞ്ഞ അലംഭാവമാണ് കാണിച്ചു വരുന്നതെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു.

നമ്മുടെ നാടിന്റെ ഭൂഘടന അറിയാത്ത നിര്‍മ്മാണക്കമ്പനി തീര്‍ത്തും ജനദ്രോഹപരമായാണ് നിര്‍മാണപ്രവൃത്തി നടത്തുന്നത് എന്നും, ഇതിനു കരാര്‍ എടുത്ത ഏജന്‍സിയായ അദാനി ഗ്രൂപ്പിന്റെ എല്ലാ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ബൈപ്പാസ് നിര്‍മാണം ശാസ്ത്രീയമായി നടപ്പിലാക്കണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കൗണ്‍സിലര്‍ എ.ലളിത, യു.കെ.ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. എം.വി.ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരത്തിലേക്ക് പോകുമെന്നും സി.പി.എം നേതൃത്വം അറിയിച്ചു. സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.