നടുവത്തൂര്‍ ബ്രാഞ്ച് കനാലില്‍ വെള്ളം എത്തിയില്ല; കീഴരിയൂരില്‍ വരണ്ടുണങ്ങി നെല്‍പ്പാടങ്ങള്‍, കൃഷി നശിക്കുന്നു, ദുരിതത്തിലായി കര്‍ഷകര്‍
മേപ്പയൂര്‍: കീഴരിയൂരില്‍ പാടങ്ങള്‍ വരണ്ടുണങ്ങുന്നു. കനാല്‍ വെള്ളമെത്താത്തത് കാരണം കടുത്ത വരള്‍ച്ചയാണ് നേരിടുന്നത്. സാധാരണ ഫെബ്രുവരി ആദ്യവാരത്തില്‍ കീഴരിയൂര്‍ ഭാഗത്ത് കനാല്‍ വെള്ളം എത്താറുള്ളതാണ്. എന്നാല്‍ ഇത്തവണ മാര്‍ച്ച് പകുതി ആയിട്ടും വെള്ളമെത്തിയില്ല. കനാല്‍വെള്ളം പ്രതീക്ഷിച്ച് കൃഷി ചെയ്തവര്‍ക്കെല്ലാം വന്‍നാശനഷ്ടങ്ങളാണ് ഉണ്ടായത്. പച്ചക്കറി, നെല്ല്, വാഴ എന്നിവയെല്ലാം ഉണങ്ങി തുടങ്ങി.
കീഴരിയൂര്‍ വടക്കുംമുറിയില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ വെള്ളമില്ലാത്തത് കാരണം കൃഷി ഉപേക്ഷിച്ചു. നെല്‍ക്കൃഷിയുടെ അവസ്ഥയും ഇങ്ങനെ തന്നെ. ചെറുപുഴ പാടശേഖരം, നടുവത്തൂര്‍, കുറ്റിക്കാട്ടില്‍ താഴ എന്നിവടങ്ങളിലെ കര്‍ഷകര്‍ കനാല്‍ വെള്ളം എത്താത്തത് കാരണം കടുത്ത പ്രതിസന്ധിയിലാണ്. ചെറുപുഴ പാടശേഖരത്തിലും കൃഷി ഇറക്കാനായില്ല.
കിണറുകളിലും വെള്ളം വറ്റിയത് കാരണം കുടിവെള്ളത്തിനും പ്രയാസം നേരിടുകയാണ്. കനാല്‍വെള്ളത്തെ ആശ്രയിച്ച്
കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലും ജലവിതാനം കുറഞ്ഞു. തോടുകളും കുളങ്ങളും ഉള്‍പ്പെടെയുളള ജലാശയങ്ങളിലേറെയും കനാല്‍ തുറക്കുന്നതോടെ ജലസമൃദ്ധമാവുകയാണ് പതിവ്. കുറ്റാടി ജലസേചന പദ്ധതിയുടെ കനാല്‍ തുറന്നാല്‍ തന്നെ നടുവത്തൂര്‍ ബ്രാഞ്ച് കനാലില്‍ പലപ്പോഴും വെള്ളമെത്താറില്ല. അതിനു കാരണം ഇരിങ്ങത്ത് കുയിമ്പിലുന്തിലെ കനാല്‍ ക്രോസിംങ് ഷട്ടര്‍ ആണ്.
ഈ ഷട്ടറിലൂടെയാണ് തുറയൂര്‍ ഭാഗത്തേക്കും നടുവത്തൂര്‍ ഭാഗത്തേക്കും വെള്ളം തിരിച്ചുവിടുന്നത്. ഷട്ടറിന്റെ മുന്‍പിലെ ഇരുമ്പിന്റെ നെറ്റില്‍ കനാല്‍വെള്ളത്തില്‍ ഒഴുകി എത്തുന്ന മാലിന്യങ്ങള്‍ കുടുങ്ങിയാല്‍ വെള്ളം തുറയൂര്‍ ഭാഗത്തേക്ക് മറിയും. അപ്പോള്‍ നടുവത്തൂര്‍ ബ്രാഞ്ച് കനാലില്‍ വെള്ളമില്ലാത്ത അവസ്ഥ വരും. തുറയൂര്‍ ഭാഗത്തേക്ക് വെള്ളമില്ലാത്ത അവസ്ഥ വരുമ്പോള്‍ പലപ്പോഴും ഷട്ടര്‍ തല്ലിതകര്‍ക്കുന്ന സംഭവമുണ്ടായിട്ടുമുണ്ട്. ഇരുഭാഗത്തേക്കും വെള്ളം കൃത്യതയോടെ വിടാന്‍ കുറ്റ്യാടി ജലസേചന വകുപ്പ് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ മാത്രമെ കനാല്‍ വെള്ളം തുറയൂരിലേക്കും കീഴരിയൂരിലേക്കും ഒഴുകി എത്തുകയുള്ളൂ.
വെളളം ലഭിക്കാത്തത് കാരണം ബുദ്ധിമുട്ട് നേരിടുന്നത് സാധാരണക്കാരനായ കര്‍ഷകരാണ്. മുതിര്‍ന്ന കര്‍ഷകന്‍ കണാരന്‍ തേറമ്പത്ത് മീത്തല്‍ പറയുന്നതിങ്ങനെ.
‘നടുവത്തൂര്‍ ശാഖാ കനാലില്‍ വെള്ളം എത്താതിനാല്‍ നെല്‍കൃഷിയും പച്ചക്കറി കൃഷിയും പൂര്‍ണമായും നശിച്ചു. മുന്‍പ് പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വരെ ലഭിച്ച എനിക്ക് ഇത്തവണ കനാല്‍വെള്ളമെത്താത്തില്‍ വലിയ പ്രയാസം നേരിട്ടു. ഞാന്‍ നട്ട ജൈവ പച്ചക്കറിതൈകള്‍ വരെ വെള്ളമില്ലാത്തത് കാരണം ഉണങ്ങി. ചെറുപുഴ പാടശേരത്തിലും വെള്ളമില്ലാത്ത അവസ്ഥയായതിനാല്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞില്ല’.
വരള്‍ച്ചയെക്കുറിച്ച് കര്‍ഷക കോണ്ഡഗ്രസ് പ്രസിഡണ്ട് കൊല്ലങ്കണ്ടി വിജയന്‍( പഞ്ചായത്ത് കമ്മിറ്റി) പറയുന്നതിങ്ങനെ.
‘നടുവത്തൂര്‍ ബ്രാഞ്ചുനാലില്‍ മാര്‍ച്ച് പകുതി ആയിട്ടും വെള്ളമില്ലാത്തത് കാരണം കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കനാല്‍ ജലം പ്രതീക്ഷിച്ച് കൃഷി ഇറക്കിയ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയിലാണ്.
നിരവധി തവണ ജലചേന വകപ്പ് ഉദ്യോഗസ്ഥരുമായി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നു. അവര്‍ ഒരോ കാരണങ്ങള്‍ പറഞ്ഞ് വെള്ളം മറ്റെവിടേക്കോ തുറന്നു വിടുകയാണെന്ന് സംശയിക്കുന്നു. നിരവധി കര്‍ഷകരാണ് നിത്യേന കനാല്‍ ജലമില്ലാത്തതിനാല്‍ കൃഷി ഉണങ്ങി നശിച്ച പരാതിയുമായി എത്തുന്നത്’.