മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പിടിഎ സ്ഥാനവും അംഗത്വവും രാജിവെച്ചു; തെരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങള്‍ പാലിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍


മേപ്പയൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പിടിഎയിലെ സ്ഥാനങ്ങള്‍ യുഡിഎഫ് അംഗങ്ങള്‍ രാജിവെച്ചു. ഇടതുപക്ഷ സംഘടനയില്‍പെട്ട അധ്യാപകര്‍ സ്‌കൂള്‍ അധികൃതരെ സ്വാധീനിച്ച് വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ജയം അട്ടിമറിച്ചു എന്നരോപിച്ചാണ് രാജി.

പുതുക്കുളങ്ങര സുധാകരന്‍ എസ്എംസി ചെയര്‍മാന്‍ സ്ഥാനവും എടയിലാട്ട് ഉണ്ണിക്കൃഷ്ണന്‍, മോഹനന്‍ പറമ്പത്ത്, എം.എം.അഷറഫ്, രാജേഷ് കുനിയത്ത്, ജിഷ മൂന്നോടി, അന്‍വര്‍ കുന്നങ്ങാത്ത്, കെ.സിറാജുദ്ദീന്‍ പഞ്ചായത്തംഗങ്ങളായ റാബിയ എടത്തിക്കണ്ടി, സെറീന ഒളോറ എന്നിവരാണ് സ്ഥാനങ്ങളും അംഗത്വവും രാജിവെച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.സക്കീറിനാണ് രാജികത്ത് നല്‍കിയത്.

നിഷ്‌കളങ്കരായ വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കുകയും കുട്ടികള്‍ക്ക് നീതി കിട്ടാത്ത അവസ്ഥയില്‍ പിടിഎ സ്ഥാനമാനങ്ങളില്‍ ഇരിക്കുന്നതില്‍ അര്‍ഥമില്ലെന്നും അതുകൊണ്ടാണ് രാജിവെച്ചതെന്നും യുഡിഎഫ് പിടിഎ അംഗങ്ങള്‍ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങള്‍ പാലിച്ചുവെന്ന് സ്റ്റാഫ് കൗണ്‍സില്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്ന് പ്രിന്‍സിപ്പാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 8,7 ക്ലാസുകളിലേക്ക് ഉച്ചയ്ക്ക് മുന്‍പ് നടന്ന തിരഞ്ഞെടുപ്പ് സുതാര്യവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമായിരുന്നു.

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം നടന്ന പാര്‍ലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി ഒരു വിഭാഗം റീകൗണ്ടിംഗ് ആവശ്യപ്പെടുകയും അക്ഷര തെറ്റുകളുള്ളതും പൂര്‍ണ്ണമല്ലാത്തതുമായ പേരുകള്‍ ഉള്ളതുമായ ബാലറ്റ് പേപ്പറുകള്‍ അസാധുവായി കണക്കാക്കി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ യാതൊരു വിധത്തിലുള്ള പക്ഷപാതവും അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.സക്കീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എന്‍.വി.നാരായണന്‍, വിഎച്ച്.എസ്.ഇ പ്രിന്‍സിപ്പില്‍ ആര്‍. അര്‍ച്ചന, ഹെഡ്മാസ്റ്റര്‍മാരായ കെ.നിഷിദ് , കെ.എം. മുഹമ്മദ്, അധ്യാപകരായ കെ. പ്രമോദ്, എ. സുബാഷ് കുമാര്‍, വി. സുജയ, അബ്ദുല്‍ സമദ്, വി.പി.സതീശന്‍, സി.ഇ.അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Description:The UDF members resigned from their positions in the school PTA in connection with the parliamentary election dispute at the Govt. Vocational Higher Secondary School.