എന്ന് അവസാനിക്കും ഈ കാത്തിരിപ്പ്; ദേശീയപാത പണി ഇഴഞ്ഞുനീങ്ങുന്നു, സര്‍വ്വീസ് റോഡിന് വീതി കുറവ്, റോഡ് നിറയെ കുണ്ടും കുഴിയും, പൂക്കാട് മുതല്‍ വെങ്ങളം വരെ സ്ഥിരം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് യാത്രക്കാര്‍


കൊയിലാണ്ടി: ദേശീയപാത പൂക്കാട് മുതല്‍ വെങ്ങളം വരെ ഗതാഗതകുരുക്കഴിയുന്നില്ല. രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെടുന്ന അവസ്ഥയാണ് നിലവില്‍. പൂക്കാട്, തിരുവങ്ങൂര്‍, വെങ്ങളം ഭാഗങ്ങളില്‍ വൈകുന്നേരങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നും പൂക്കാട് മുതല്‍ തിരുവങ്ങൂര്‍ വെങ്ങളം ഭാഗം വരെ ബസ്സ്, ലോറി, കാര്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടിട്ടുണ്ട്.

തിരുവങ്ങൂര്‍ ഭാഗത്ത് സര്‍വ്വീസ് റോഡിന് വീതികുറവായതിനാലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. ഇവിടങ്ങളിലെ റോഡിന്റെ ഗതിയും പറയേണ്ടതില്ല. കുണ്ടുകുഴിയും നിറഞ്ഞ റോഡ് മഴക്കാലത്തും പൊരിവെയിലത്തും യാത്ര ദുഷ്‌ക്കരമാക്കുകയാണ്. മഴക്കാലത്ത് വെള്ളക്കെട്ട് യാത്ര തടസ്സം സൃഷ്ടിക്കുമ്പോള്‍ നിലവില്‍ പൊടിശല്യമാണ് യാത്രക്കാര്‍ നേരിടുന്നത്. മഴക്കാലത്ത് നികത്തിയ കുണ്ടുംകുഴികളും പാറപ്പൊടി ഉപയോഗിച്ച് നികത്തുന്നതിനാല്‍ മഴ മാറിയതോടെ പൊടിശല്യം ഉടലെടുത്തു. ഓരോ വാഹനങ്ങള്‍ കടന്നുപോകുമ്പോഴും മൂക്കുപൊത്തേണ്ട അവസ്ഥയാണ് കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക്.

പൂക്കാട് മുതല്‍ വെങ്ങളം വരെ അഞ്ച്കിലേമീറ്റര്‍ രണ്ടും മണിക്കൂറിലധികം വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. റണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ കടന്നുപോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. സര്‍വ്വീസ് റോഡിന് സമീപത്തായി നിര്‍മ്മിച്ച ഡ്രൈനേജും ചിലയിടങ്ങളില്‍ തകര്‍ന്നിരിക്കുകയാണ്. സ്ലാബ് പൊട്ടിക്കിടക്കുന്നതും റോഡിലേയ്ക്ക് കയറി നില്‍ക്കുന്ന തരത്തിലുമാണ് ഡ്രൈനേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതുമൂലം വാഹനങ്ങള്‍ ഇടിക്കുമോ അല്ലെങ്കില്‍ സ്ലാബ് പൊട്ടിവീണ് കുഴിയിലകപ്പെടുമോ എന്നോര്‍ത്ത് ഇതുവഴി സഞ്ചരിക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് പേടിയാണ്.

ഭാരം കയറ്റിയ വാഹനങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ ചെളിയില്‍ താഴ്ന്നുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. സെപ്തംബര്‍ 9 ന് പൂക്കാട് സര്‍വ്വീസ് റോഡില്‍ ലോറി ചെളിയില്‍ താഴ്ന്നിരുന്നു ഇത് ഏറെ നേരെ ഗതാഗതക്കുരുക്കിന് വഴിവെച്ചതിനാല്‍ ഗതാഗതം തല്‍ക്കാലത്തേക്ക് പഴയ രീതിയിലേക്ക് തന്നെ മാറ്റുകയായിരുന്നു.

Also Read

സര്‍വ്വീസ് റോഡിന് വീതി കുറവ്, നിറയെ കുണ്ടും കുഴിയും; പൂക്കാട് ടൗണില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടപ്പോള്‍ പ്രശ്‌നങ്ങളോട് പ്രശ്‌നം, മണിക്കൂറുകള്‍ക്കകം ഗതാഗതം പഴയപടിയാക്കി

അടിപ്പാതയുടെ പ്രവൃത്തി ആരംഭിച്ചതിന് പിന്നാലെ പൂക്കാട് ടൗണില്‍ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെയായിരുന്നു കടത്തിവിട്ടത്. ഒരു വശത്തെ അടിപ്പാതയുടെ പ്രവൃത്തിയായിരുന്നു ഇതുവരെ നടന്നത്. മറുഭാഗത്ത് അടിപ്പാതയുടെ പ്രവൃത്തി തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ വശത്തും ഗതാഗതം സര്‍വ്വീസ് റോഡിലേക്ക് മാറ്റിയത്.

ദേശീയപാത പണിയാവട്ടെ ഇഴഞ്ഞുനീങ്ങുകയാണ്. പണി ആരംഭിച്ചതുമുതല്‍ തുടങ്ങിയ യാത്രാപ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഗതാഗതക്കുരുക്ക് കാരണം വൈകുന്നേരങ്ങളിലും മറ്റും സര്‍വ്വീസ് നടത്തുവാന്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഓട്ടോ തൊഴിലാളികളും. പോലീസ് ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.