മുത്താമ്പിയില്‍ ഓടിക്കൊണ്ടിരിക്കെ വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; മരുതൂര്‍ സ്വദേശിനിയായ വയോധികയ്ക്ക് ഗുരുതരപരിക്ക്


കൊയിലാണ്ടി: മുത്താമ്പി നായാടന്‍പുഴയ്ക്ക് സമീപം വാഗാഡിന്റെ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. മരുതൂര്‍ സ്വദേശിനിയായ കല്ല്യാണിക്കാണ് പരിക്കേറ്റത്. കല്ല്യാണിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്ന് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വൈദ്യരങ്ങാടിയിലൂടെ ലോറി കടന്നുപോകവെ വാഹനത്തിന്റെ ഇടതുഭാഗത്തെ ടയര്‍ ഊരിത്തെറിക്കുകയും നൂറുമീറ്ററോളം അപ്പുറത്തുള്ള കല്ല്യാണിയ്ക്കുമേല്‍ ഇടിക്കുകയുമായിരുന്നു. കല്ല്യാണിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇതിനിടെ രണ്ടാമത്തെ ടയറും ഊരിത്തെറിച്ച് വാഹനം നിന്നുപോയി.

കല്ല്യാണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയയാക്കുകയും തുടര്‍ച്ചായിയ ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന വാഗാഡ് കമ്പനിയുടെ ടോറസുകള്‍ കൊയിലാണ്ടിയില്‍ ഇതിന് മുമ്പും പല അപകടങ്ങള്‍ക്കും കാരണമായിരുന്നു. അടുത്തിടെ കൊയിലാണ്ടി മുത്താമ്പി റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഇടിച്ച് നശിപ്പിക്കുകയും പതിനഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ക്കുകയും ലൈനുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ വാഗാഡിന്റെ ടോറസ് ഇടിച്ച് ബൈക്ക് യാത്രകന്‍ മരണപ്പെടുകയും ചെയ്തിരുന്നു.