മുത്താമ്പിയില്‍ വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു


കൊയിലാണ്ടി: നടേരി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തുവെച്ച ഓടിക്കൊണ്ടിരിക്കുന്ന വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ വയോധിക മരിച്ചു. മരുതൂര്‍ തെക്കെ മഠത്തില്‍ കല്ല്യാണി (60)യാണ് മരിച്ചത്.

ഇന്നലെ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാഗാഡ് ലോറി കടന്നുപോകവെ വാഹനത്തിന്റെ ഇടതുഭാഗത്തെ ടയര്‍ ഊരിത്തെറിക്കുകയും നൂറുമീറ്ററോളം അപ്പുറത്തുള്ള കല്ല്യാണിയ്ക്കുമേല്‍ ഇടിക്കുകയുമായിരുന്നു. ഇതിനിടെ രണ്ടാമത്തെ ടയറും ഊരിത്തെറിച്ച് വാഹനം നിന്നുപോയി.

അപകടത്തിനുശേഷം അബോധാവസ്ഥയിലായിരുന്നു കല്ല്യാണി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

പരേതനായ തെക്കെ മഠത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ ഭാര്യയാണ് കല്ല്യാണി. മകന്‍: രാജ്കുമാര്‍. മരുമകള്‍: ശ്രീജ.

ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന വാഗാഡ് കമ്പനിയുടെ ടോറസുകള്‍ കൊയിലാണ്ടിയില്‍ ഇതിന് മുമ്പും പല അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അടുത്തിടെ കൊയിലാണ്ടി മുത്താമ്പി റോഡില്‍ ട്രാന്‍സ്ഫോര്‍മര്‍ ഇടിച്ച് നശിപ്പിക്കുകയും പതിനഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ക്കുകയും ലൈനുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ വാഗാഡിന്റെ ടോറസ് ഇടിച്ച് ബൈക്ക് യാത്രകന്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇന്നലത്തെ സംഭവത്തോടെ വാഗാഡ് ലോറിയുടെ മരണപ്പാച്ചിലിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.