അതിവേഗം ബഹുദൂരമോടി, ഉയരത്തിൽ ചാടി അവർ കപ്പുയർത്തി; കായിക മാമാങ്കത്തിൽ കൊയിലാണ്ടി സാക്ഷ്യം വഹിച്ചത് കത്തുന്ന വെയിലിലും ചോരാത്ത കൗമാരത്തിന്റെ ആവേശം; ചാമ്പ്യന്മാരെ അറിയാം


കൊയിലാണ്ടി: വെയിലിൽ ചോരാത്ത ആവേശവുമായി അവർ ഓടി, ഉയരത്തിൽ ചാടി… കൊയിലാണ്ടിയിൽ ആവേശമായി മാറിയ കായിക മാമാങ്കത്തിന് സമാപനം. മൂന്നു ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന ഉപജില്ലാ കായിക മേളയിൽ ആണ് ആവേശകരമായ മത്സരത്തിൽ നാളെയുടെ വാഗ്ദാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത്.

അവിസ്മരണീയ കായികമുഹൂര്‍ത്തങ്ങള്‍ക്കും വേദിയായ കൊയിലാണ്ടി സ്റ്റേഡിയത്തിൽ അതിവേഗം ബഹു ദൂരമോടി ഏറ്റുമുട്ടി കരുത്തുകാട്ടി സബ്ജില്ലയിലെ വിദ്യാർത്ഥികൾ താരങ്ങളായി. എൽ.പി വിഭാഗത്തിൽ പെരുവട്ടൂർ എൽ.പി സ്കൂൾ 38 പോയിന്റുകളുമായി വിജയം നേടി. തൊട്ടു പിന്നാലെ ഓടിയെത്തി കുറുവങ്ങാട് സെന്‍ട്രല്‍ എല്‍.പി. സ്കൂള്‍ 23 പോയിന്റുകളുമായി റണ്ണർ അപ്പായി.

എല്‍.പി – യു.പി. ഓവറോളും 45 പോയിന്റുകളുമായി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി. സ്കൂള്‍ കരസ്ഥമാക്കി. എച്ച്.എസ് – എച്ച്.എസ്.എസ് ഓവറോള്‍ കപ്പ് 251 പോയിന്‍റ് നേടി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി ഉയർത്തി. ജി.വി.എച്ച്.എസ്.എസ്. പന്തലായനിയുടെ താരങ്ങളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചതോടെ 175 പോയിന്ററുമായി അവർ റണ്ണർ അപ്പുകളായി.

മേളയുടെ സമാപന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച് എസ് പി ടി എ പ്രസിഡന്റ് സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി.പി.സുധ ഓവറോൾ ചാമ്പ്യൻമാരായ ജി.വി.എച്ച്.എസ്.എസ്.കൊയിലാണ്ടിക്ക് ട്രോഫി വിതരണം ചെയ്തു. പ്രിൻസിപ്പൽ പി.വത്സല, ഹെഡ്മിസ്ട്രസ് എം പി. നിഷ, എച്ച്.എം ഫോറം സെക്രട്ടറി ഷാജി.എൻ. ബൽറാം വിവിധ സംഘടനാ പ്രതിനിധികൾ കൺവീനർ രഞ്ജിത്ത് സംസാരിച്ചു.

കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം സ്പോണ്‍സര്‍ ചെയ്യുന്ന ജൂനിയര്‍ ഗേള്‍സ് റണ്ണര്‍ അപ് ട്രോഫി പന്തലായനി ഗവ. എച്ച്. എസ്.എസ് കരസ്ഥമാക്കി.

ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് ഓരോ ദിവസവും വിവിധ വിഭാഗങ്ങളിലായി മത്സരിച്ചത്. ഉച്ചഭക്ഷണം, കുടിവെള്ളം ഉൾപ്പെടെ വിപുലമായ സൗകര്യമാണ് സംഘടാകർ ഒരുക്കിയത്. ആയിരക്കണക്കിന് കൗമാര ബാല്യങ്ങൾ പുതിയ വേഗങ്ങളും ദൂരങ്ങളും കുറിച്ച കായിക മേള സമാപിക്കുമ്പോൾ കൊയിലാണ്ടിക്ക് സമ്മാനിച്ചത് അവിസ്മരണീയമായ മൂന്നു ദിനങ്ങൾ.