യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നെന്ന സംഭവം; മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, പണം സംബന്ധിച്ച് ദുരൂഹതകള്‍ ബാക്കി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച പണം തട്ടിയെന്ന സംഭവത്തില്‍ പിടികൂടിയ മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പയ്യോളി സ്വദേശിയായ സുഹൈല്‍, സുഹൃത്ത് താഹ, തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസിര്‍ പി.വി (20) എന്നിവരെയാണ് ഹാജരാക്കിയത്.
ഇവരെ പതിനാല് ദിവസത്തേയ്ക്ക് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. സംഭവദിവസം തന്നെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ സുഹൈല്‍ പോലീസ് കസ്റ്റഡിയില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് താഹയെയും തിക്കോടി സ്വദേശിയായ മുഹമ്മദ് യാസിറിനെയും വടകര വില്യാപ്പള്ളിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ താഹയുടെ പക്കല്‍ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം 7240000 രൂപയാണ് നഷ്ടമായിട്ടുള്ളത്. ബാക്കി പണം എവിടെ എന്നതില്‍ വ്യക്തത ലഭിക്കാത്തതിനാല്‍ തുടര്‍ അന്വേഷണങ്ങള്‍ക്കായി മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ഇനിയും കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
കൊയിലാണ്ടിയില്‍ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയില്‍വെച്ച് പര്‍ദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തില്‍ മുളക് പൊടി വിതറുകയും തലയ്ക്ക് മര്‍ദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ തട്ടിപ്പാണെന്നും താഹയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തുകയായിരുന്നു.
സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി; കൊയിലാണ്ടിയിലെ കവര്‍ച്ച നാടകം പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊളിച്ചതിങ്ങനെ
ഡി.വൈ.എസ്.പി.ആര്‍.ഹരിപ്രസാദ്, സി.ഐ.ശ്രീലാല്‍ ചന്ദ്ര ശേഖര്‍, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സ്‌പെഷല്‍സ്വകാഡ്, എസ്.ഐ.മനോജ് രാമത്ത്, എ.എസ്.ഐ.വി .സി .ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒ.മാരായ പി.കെ. ശോഭിത്ത്, ഇ.കെ.അഖിലേഷ്,, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ.ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി.
Summary: The three accused who were arrested in the case of a fake money-grabbing incident in which a youth was assaulted in Koyilandi were produced in the Koyilandi First Class Judicial Magistrate Court.