തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്; പ്രതിഷേധം ഫലം കണ്ടു, ഡ്രൈനേജ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിന് പരിഹാര നടപടികള്‍ ആരംഭിച്ചു. നിലവിലെ ദേശീയ പാതയിലെ രണ്ട് ഓവുപാലങ്ങള്‍ അടച്ചതുമൂലം തിക്കോടി പഞ്ചായത്ത് ബസാറില്‍ മഴ പെയ്തതോടെ വലിയ വെള്ളക്കെട്ടായിരുന്നു രൂപപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേത്യത്വത്തില്‍ തിക്കോടിപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ദേശീയ പാത പ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചതിന്റെ ഭാഗമായി സംഭവ സ്ഥലം തിങ്കളാഴ്ച സന്ദര്‍ശിച്ച് ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് ഡയറക്ടര്‍ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് സംഭവ സ്ഥലം സന്ദര്‍ശിച്ചപ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹ രണ്ട് ദിവസത്തിനുള്ളില്‍ പടിഞ്ഞാറ് ഭാഗത്തെ വെള്ളം പൈപ്പ് വഴി കിഴക്ക് ഭാഗത്തെ നിലവിലെ ഡ്രൈനേജില്‍ ഒഴിവാക്കാമെന്നും ശാശ്വത പരിഹാരമായി ദേശീയ പാതയില്‍ അണ്ടര്‍പാസിന് സമീപത്ത് ഓവുപാലം പുനസ്ഥാപിച്ച് വെള്ളം കിഴക്ക് ഭാഗത്തെ ഡ്രൈനേജില്‍ ഒഴിക്കിവിടാനുള്ള സംവിധാനം ചെയ്യാമെന്നും ഈ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പണികള്‍ ആരംഭിച്ചത്. ഇന്ന് ഉച്ചയോടെയാണ് പടിഞ്ഞാറ് ഭാഗമുള്ള ഡ്രൈനേജ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.