കാടല്ലിത് കരുതലിന്റെ തണൽ; ദേശിയ പാത വികസനത്തിന്റെ ഭാഗമായി നഷ്ടമാകുന്നത് പൂക്കാട് ടൗണിലെ ടാക്സി തൊഴിലാളികളുടെ ‘എ.സി’ ഷെൽട്ടർ
ചേമഞ്ചേരി: ദേശീയപാതയില്‍ പൂക്കാട് ടൗണിലൂടെ കടന്ന് പോകുന്നവര്‍ക്കെല്ലാം കൗതുകമായ ഒരു കാഴ്ചയുണ്ട്. പഴയ ഒരു ബസ് സ്റ്റോപ്പാണ് അത്. കൊയിലാണ്ടി ഭാഗത്തേക്കുള്ള യാത്രക്കാര്‍ ആറ് വര്‍ഷം മുമ്പ് വരെ ഉപയോഗിച്ചിരുന്ന ബസ് സ്‌റ്റോപ്പ്.
ബസ് സ്റ്റോപ്പ് മറ്റൊരിടത്തേക്ക് മാറ്റിയതോടെ പഴയ ബസ് സ്റ്റോപ്പ് ടാക്‌സി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി അവരുടെ ആവശ്യപ്രകാരം വിട്ടുകൊടുക്കുകയായിരുന്നു. പൂക്കാട് ടൗണിലെ മുപ്പതോളം തൊഴിലാളികള്‍ക്ക് തണലൊരുക്കുന്ന ഈ ഷെൽറ്റർ കൗതുകമാകുന്നത് അതിനെ പൊതിഞ്ഞുള്ള പച്ചപ്പാണ്. ദേശീയപാതാ വികസനത്തിനായി ഈ ഷെൽറ്റർ ഉടന്‍ പൊളിച്ച് നീക്കും.
കാട് വളര്‍ന്ന് ഉപയോഗശൂന്യമായ ബസ് സ്‌റ്റോപ്പാണ് എന്നാണ് ഇത് കണ്ടാല്‍ ഒറ്റനോട്ടത്തില്‍ തോന്നുക. എന്നാല്‍ കാട്ടുവള്ളികള്‍ പടര്‍ന്നുകയറി പച്ചപ്പന്തലൊരുക്കിയ ഈ വിശ്രമകേന്ദ്രം ടാക്‌സി തൊഴിലാളികള്‍ക്ക് വേനലില്‍ കുളിരേകുന്ന എ.സി ഷെല്‍ട്ടറാണ്.
വള്ളികള്‍ പടര്‍ന്നു കയറുന്നതിന് മുമ്പ് വേനല്‍ക്കാലത്ത് ഈ ഷെൽറ്ററിൽ ഇരിക്കുക എന്നത് അസഹനീയമായിരുന്നു. ഇതിന് പരിഹാരമായാണ് സമീപത്ത് വളര്‍ന്ന കാട്ടുവള്ളികളെ ഷെൽറ്ററിന് മുകളിലേക്ക് വളര്‍ത്തിയത്. ദിവസവും രണ്ട് നേരം വെള്ളം നനയ്ക്കുകയും കൂടി ചെയ്തതോടെ വള്ളിച്ചെടികള്‍ ഷെൽറ്ററിന് മുകളിലും ചുറ്റുമായി തഴച്ചുവളര്‍ന്നു.
മറ്റൊരു ബസ് സ്റ്റോപ്പ് പൊളിച്ചപ്പോള്‍ ലഭിച്ച തൂണുകള്‍ കൊണ്ട് തൊഴിലാളികള്‍ ഇവിടെ ഇരിപ്പിടമൊരുക്കി. ചൂട് കാറ്റടിക്കാതിരിക്കാന്‍ ഷെല്‍റ്ററിന് മുന്നില്‍ കവുങ്ങും മരത്തടിയും വച്ച് അവിടെയും വള്ളിച്ചെടികള്‍ പടര്‍ത്തി. ഇരുഭാഗത്തുമുള്ള ചെറിയ വഴിയിലൂടെ ഷെല്‍റ്ററിനുള്ളിലെത്തിയാല്‍ ഊട്ടിയില്‍ പോയ സുഖമാണ്. അകവും പുറവും എന്നും വൃത്തിയാക്കുന്നതിനാല്‍ പേടിക്കാതെ എത്രസമയവും ഇതിനുള്ളില്‍ ഇരിക്കാം. ടാക്‌സി തൊഴിലാളികള്‍ മാത്രമല്ല, ടൗണിലെത്തുന്ന പ്രദേശവാസികളും കടുത്ത വേനലില്‍ തണല്‍തേടി ഷെല്‍റ്ററില്‍ എത്താറുണ്ട്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തങ്ങളുടെ ‘എ.സി വിശ്രമകേന്ദ്രം’ പൊളിച്ചുമാറ്റുന്നതില്‍ ചെറുതല്ലാത്ത വിഷമമുണ്ട് ഇവിടത്തെ ടാക്‌സി തൊഴിലാളികള്‍ക്ക്. എന്നാല്‍ നാടിന്റെ വികസനത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അവര്‍ ആ വിഷമം മറക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിശ്രമകേന്ദ്രം ഓര്‍മ്മയാവും. ഭാവിയില്‍ ഈ ബസ് സ്‌റ്റോപ്പ് നിന്നിരുന്ന സ്ഥലത്തു കൂടെ വാഹനങ്ങള്‍ കുതിച്ചു പായും.
ദേശീയപാതാ വികസനത്തിനായി പൊളിക്കുന്ന ഷെൽറ്ററിന്റെ ഇരിപ്പിടവും തൂണും ഷീറ്റും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സൂക്ഷിച്ചു വെച്ച് ദേശീയപാതാ വികസനം പൂര്‍ത്തിയായ ശേഷം സ്ഥലം ലഭ്യമായാല്‍ ഇതുപോലൊരു വിശ്രമകേന്ദ്രം നിര്‍മ്മിക്കണമെന്നാണ് ടാക്‌സി തൊഴിലാളികളുടെ ആഗ്രഹം.