കരിയാത്തുംപാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


കൂരാച്ചുണ്ട്: കരിയാത്തുംപാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ  വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തൂത്തുകുടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി പാലാ സ്വദേശി ജോര്‍ജ് ജോസഫ് (20) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ജേക്കബ് അപകടത്തില്‍ പെട്ടത്. കരിയാത്തുംപാറ പാപ്പന്‍ചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തില്‍ കുളിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജേക്കബ് ഉള്‍പ്പടെയുള്ള എട്ടംഗ സംഘം കുളിക്കാനിറങ്ങിയത്.

അടിയൊഴുക്കും ചുഴിയുമുള്ളതിനാല്‍ പ്രദേശവാസികള്‍ പോലും കുളിക്കാനിറങ്ങാത്ത കടവിലാണ് സംഭവം. സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയില്‍ അനധികൃതമായാണ് ഇവര്‍ എത്തിയത്. ഏകദേശം ഇരുപത് മിനിറ്റിന് ശേഷമാണ് വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ജേക്കബിനെ മുങ്ങിയെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

Description: The student drowned in kariyathumpara.

.