പോരാളികളുടെ മുത്തപ്പനായ തേവര്‍ വെള്ളന്‍ എന്ന മുചുകുന്നിലെ വാഴയില്‍ മുത്തപ്പന്റെ കഥ- ഒ.പി.പ്രകാശന്‍ എഴുതുന്നു
ഒ.പി പ്രകാശന്‍
അകവും പുറവും തിളച്ചുമറിയുന്ന കുംഭച്ചൂടില്‍ പഴയകുറുമ്പ്രനാട് താലൂക്കില്‍ മുചുകുന്ന് ദേശത്ത് കാലത്തിന്റെ നെറികേടുകള്‍ക്കെതിരെ തന്റെ ഉള്‍ച്ചൂടു കൊണ്ട് മാത്രം പൊരുതിക്കയറി അടയാളപ്പെടുത്തിയ തേവര്‍ വെള്ളന്‍ തന്റെ തട്ടകമായ വാഴയില്‍ ക്ഷേത്രത്തില്‍ കുംഭമാസം 10, 11 (ഫെബ്രുവരി 22,23)ന് ഉറഞ്ഞാടും.
ജാതീയ അസമത്വങ്ങളുടെ വിളനിലമായിരുന്ന പോയകാലത്തിന്റെ കൈവഴികളില്‍ ഖനീഭവിച്ചു പോയ ചരിത്ര ഭൂമികയില്‍ നിന്നും പോരാട്ടത്തിന്റെ കുന്തമുനയില്‍ ഭാവിയെ കോര്‍ത്തെടുക്കുവാന്‍ കാലം നിയോഗിച്ച പോരാളികളുടെ മുത്തപ്പനാണ് തേവര്‍ വെള്ളന്‍ എന്ന വാഴയില്‍ മുത്തപ്പന്‍.
ചരിത്രവും ഐതിഹ്യവും കെട്ടു പിണഞ്ഞു കിടക്കുന്ന നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്നത് തിരുവള്ളൂര്‍ ദേശത്തെ കതിര്‍ക്കനമുള്ള പാടശേഖരങ്ങളിലേക്കാണ്. തേവര്‍മഠത്തിലെ ബ്രാഹ്‌മണ ജന്മിമാരുടെ അടിയാളരായി വയല്‍ച്ചളിയില്‍ ചൂഴ്ന്നു നിന്ന ജീവിതങ്ങളെ അടുത്തറിഞ്ഞ ബാല്യകാല ജീവിതം.
ചാനിയംകടവിലൂടെ കലങ്ങി ഒഴുകിപ്പോയ നിസ്വജീവിതങ്ങളെ ഓര്‍ത്ത് തപിച്ചിരുന്ന കാലം. ജന്മിത്വ വാഴ്ചയുടെ കുടില നീതിയാണ് സ്വന്തം പിതാവിനെ നഷ്ടപ്പെടുത്തിയതെന്ന തിരിച്ചറിവ്. ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തേണ്ട അവസ്ഥ പ്രതിരോധം തീര്‍ക്കാന്‍ സ്വയം സജ്ജമാവേണ്ട തുണ്ടെന്ന തിരിച്ചറിവില്‍ രഹസ്യമായുള്ള ആയോധന പഠനം. വീടും നാടുമുപേക്ഷിച്ചുള്ള പഠനത്തിനു ശേഷം തിരികെ തിരുവള്ളൂരിലെ പൊലയറുകണ്ടി വീട്ടിലേക്ക് എത്തിയ വെള്ളന്‍ തേവര്‍ മഠത്തിലെ കോയ്മയുമായി കടുത്ത ഏറ്റുമുട്ടല്‍ നടത്തി. പരിഭ്രാന്തരായ ജന്മിമാര്‍ വെള്ളനെ വീഴ്ത്താനുള്ള പല മാര്‍ഗങ്ങളും പരീക്ഷിച്ചു. അമ്പെ പരാജയമായിരുന്നു ഫലം.
ഒടുവില്‍ അവര്‍ പതിനെട്ടാമത്തെ അടവു തന്നെ പുറത്തെടുത്തു. കടത്തനാടാകെ വിറപ്പിച്ചിരുന്ന, ചുരികത്തലപ്പുകൊണ്ട് നായാന്യായങ്ങള്‍ തീര്‍ത്തിരുന്ന പടക്കുറുപ്പ് തച്ചോളി മാണിക്കോത്ത് ഒതേനന്‍ തന്നെ വെള്ളനെ നിഗ്രഹിക്കുവാന്‍ നിയോഗിക്കപ്പെട്ടു. പക്ഷേ ഒതേനന്റെ മെയ്യഭ്യാസ മികവോ കളരിമുറകളോ വെള്ളന്റെ മനക്കരുത്തിന് മുമ്പില്‍ വിജയം കണ്ടില്ല. കളരിപരമ്പര ദൈവങ്ങളൊന്നും ഒതേനക്കുറുപ്പിന്റെ തുണയ്‌ക്കെത്തിയില്ല.
ജീവിതത്തില്‍ ആദ്യമായി പരാജിതനായി ഒതേനന്‍ പിന്തിരിച്ചു. പിന്നീട് തന്ത്രപരമായ അനുനയ നീക്കങ്ങളിലൂടെ വെള്ളനെ തല്‍ക്കാലം കടത്തനാട്ടില്‍ നിന്നും മാറ്റിനിര്‍ത്തുവാന്‍ ഒതേനന് കഴിഞ്ഞു. എന്നാല്‍ വെള്ളന്‍ ഇത് ഒരു അവസരമായെടുത്തു തന്റെ പോരാട്ടം മറ്റു നാടുകളിലേക്കു വ്യാപിപ്പിച്ചു. ദേശാന്തരഗമനങ്ങള്‍ക്കിടയില്‍ വെള്ളന്‍ മുചുകുന്ന് വാഴയില്‍ എത്തി. തറവാടും അമ്പലവും പുതുക്കിപ്പണിത്. മുചുകുന്നിന്റെ അധിപതിയായ കൊടുങ്ങല്ലൂര്‍ തമ്പുരാനില്‍ നിന്നും മുചുകുന്ന് മുക്കാതം ദേശവും ചാര്‍ത്തി വാങ്ങി.
കറുമ്പ്രനാട്ടെ സ്വസമുദായത്തിന്റെ ആചാരപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിന്നീട് അയനിക്കാട് വെള്ളന്‍ കുനി എന്ന് എന്നറിയപ്പെടുന്ന സ്ഥലത്തു താമസമാക്കുകയും അവിടെവെച്ച് മരണപ്പെടുകയും ചെയ്തു.
സാമൂഹ്യ വിഭവങ്ങളുടെ ഉല്പാദന വിതരണവും സാമൂഹിക നിയമങ്ങളും സങ്കീര്‍ണ്ണമായ ഫ്യൂഡലിസ്റ്റ് ജാതിവ്യവസ്ഥയുടെ ഇരുമ്പ് മറക്കുള്ളില്‍ നടുനിവര്‍ത്തിയുള്ള ഒരു നില്‍പ്പുപോലും ഒരു വിപ്ലവ പ്രവര്‍ത്തനമാവുമ്പോഴാണ് വെള്ളന്‍ എന്ന ഈ മനുഷ്യന്‍ പ്രതിരോധത്തിന്റെ പടയണി തീര്‍ത്തത് കേവലം കായികമായി മാത്രമായിരുന്നില്ല.
അന്യ സമുദായത്തില്‍ നിന്നും വിവാഹം ചെയ്യുക, തന്റേതായ ഇടങ്ങള്‍ തീര്‍ക്കുവാന്‍ ഭൂമി സമ്പാദിക്കുക, അത് തമ്പുരാനില്‍ നിന്ന് തന്ത്രപരമായിട്ടായാലും എതിരു നില്‍ക്കുന്നവരോട് എതിര്‍ത്തിട്ടായാലും അതുകൊണ്ട് കൂടിയാണ് ആശയറ്റവര്‍ക്ക് വെള്ളന്‍ ദൈവമായി മാറിയത്.
ഇത്തരത്തില്‍ നിരവധി വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് വെള്ളന്റെ കഥ. മിത്തുകള്‍ ചരിത്രത്തിന്റെ അഗാധമായ ഉള്ളറകളിലേക്കുള്ള താക്കോല്‍ പഴുതുകളാണ്. വര്‍ത്തമാന കാലത്ത് രൂപപ്പെട്ടുവരുന്ന അമാനവികമായ എല്ലാ കാഴ്ചപ്പാടുകളുടെയും ചെറുക്കാന്‍ ഊര്‍ജമാവേണ്ടത് തലമുറകള്‍ക്ക് മുന്നേ ഉയര്‍ന്നുപൊങ്ങിയ ഈ ചൂടു നിശ്വാസങ്ങളും കണ്ണീരും കിനാവുകളുമാണ്.
എന്നാല്‍ പുതിയ കാലം പഴമകളെയെല്ലാം മിത്തുകളെയും ചരിത്ര സന്ദര്‍ഭങ്ങളെത്തന്നെയും റദ്ദാക്കാനുള്ള വ്യഗ്രതയിലാണ്. പച്ചമണ്ണില്‍ ഉരുവംകൊണ്ട് ദൈവമായി ആരാധിക്കപ്പെടുന്ന തുടിതാളപ്പെരുക്കങ്ങൡ ചെമ്പട്ടണിഞ്ഞ ഈ ആദിമരൂപം തനതു ഭാവങ്ങളിലൂടെ തന്നെപോയ കാലത്തിന്റെ ഓര്‍മകളെ തോറ്റിയുണര്‍ത്തിക്കൊണ്ടേയിരിക്കണം.