ദേശീയപാത നവീകരണം: മേലൂര്‍ ഭാഗത്ത് സര്‍വീസ് റോഡിന് വീതിയില്ല, ഡ്രൈനേജ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തം


ചെങ്ങോട്ടുകാവ്: ദേശീയപാത നവീകരണം പൂർത്തിയാകുമ്പോൾ വെങ്ങളം നന്തി ബൈപ്പാസില്‍ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂര്‍ ഭാഗത്ത്‌ സർവ്വീസ് റോഡിന് ആവശ്യമായ വീതിയില്ലെന്ന് പരാതി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ ജുബീഷ് ആണ്‌ സര്‍വ്വീസ് റോഡിന് വീതിയില്ലെന്ന പ്രശ്‌നം വീണ്ടും ഉന്നയിച്ചത്. ദേശീപാത നവീകരണം ആരംഭിച്ചപ്പോള്‍ തന്നെ ജുബീഷ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

”കഴിഞ്ഞ 2023 മെയ് മാസം തന്നെ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇരുഭാഗത്തും ഡ്രൈനേജ് സ്ഥാപിച്ച് മണ്ണിട്ട് ഉയർത്തിയതിന് ശേഷം പ്രധാന റോഡിന്റെ ഭിത്തി നിർമ്മിക്കുമ്പോഴാണ് മേലൂർ ഭാഗത്ത് സർവ്വീസ് റോഡിന് വീതി കുറവാണെന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. അന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എല്ലാം സ്ഥലത്തെത്തിച്ചു കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത് കേവലം മേലൂർ ഭാഗത്ത് മാത്രമുള്ള വിഷയമല്ലെന്നും വഗാഡ് കമ്പനി നിർമ്മാണ പ്രവർത്തി ഏറ്റെടുത്തിട്ടുള്ള പല സ്ഥലത്തും മൂന്നു മീറ്റർ വീതിയോ അതിൽ കുറവോ ആണ് ഉള്ളത് എന്നാണ്‌ മനസ്സിലാക്കാൻ കഴിഞ്ഞത്. പ്രശ്‌നപരിഹാരമായി അന്നവര്‍ പറഞ്ഞത്‌ ഒന്നര മീറ്റർ വീതിയുള്ള ഡ്രൈനേജ് റോഡ് ആയി ഉപയോഗിക്കാമെന്നാണെന്ന് ജുബീഷ് പറയുന്നു.

എന്നാല്‍ ഡ്രൈനേജിന് മുകളിലൂടെ അവരുടെ മണ്ണ് നിറച്ച ഒരു വാഹനം ഓടിച്ചു കാണിച്ചു തരുമോ ? എന്ന് അവരോട് അന്ന് ചോദിച്ചപ്പോൾ എല്ലാ പണിയും പൂർത്തിയാകുമ്പോൾ ഡ്രൈനേജിന് മുകളിലുള്ള സ്ലാബിന് ഉറപ്പുണ്ടാകുമെന്നും, പൊട്ടിപ്പോകില്ല എന്ന മറുപടിയാണ് നല്‍കിയത്‌. എന്നാൽ ഇന്ന് എല്ലാ സ്ഥലത്തും ഡ്രൈനേജിന് മുകളിലുള്ള സ്ലാബ് പൊട്ടിപ്പോയ അവസ്ഥയാണ് ഉള്ളത്‌. മാത്രമല്ല റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെന്നും അന്നവര്‍ പറഞ്ഞിരുന്നു. എന്നാൽ ലാൻഡ് അക്വസിഷൻ അധികൃതമായി ബന്ധപ്പെട്ടപ്പോൾ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല ചില ഭാഗങ്ങളിൽ ആവശ്യത്തിലധികം വീതി സർവീസ് റോഡിന് ഉണ്ടെന്നും, നേരെ മറുഭാഗത്ത് വീതിയില്ലാത്തത്‌ നിർമ്മാണം നടത്തുന്ന വാഗാഡ് കമ്പനിയുടെ നിർമ്മാണ പ്രവർത്തിയിലുള്ള അപാകത കൊണ്ടാണെന്നാണ് ജുബീഷ് പറയുന്നത്.

വിഷയം എല്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി ജനപ്രതിനിധികളും, കലക്ടർ ഉൾപ്പെടെയുള്ള ആളുകളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും എന്തുകൊണ്ടാണ് പരിഹരിക്കപ്പെടാത്തതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. നിലവിൽ സർവീസ് റോഡിന് വീതി കുറഞ്ഞ ഭാഗത്തെ ഡ്രൈനേജ് പൊളിച്ചുമാറ്റി ആവശ്യമായ വീതി റോഡിന് നൽകിക്കൊണ്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ജുബീഷിന്റെ ആവശ്യം.

The service road is not wide in the Melur side and there is a strong demand to demolish the drainage