തുമ്പിക്കൈ ഉയര്‍ത്തും, ചെവിയും തലയും ഇളക്കും, തലയെടുപ്പിന് ഒട്ടും പിന്നിലല്ല; താരമായി ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രമഹോത്സവത്തില്‍ എഴുന്നള്ളിച്ച റോബോര്‍ട്ട് ആന
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രമഹോത്സവത്തില്‍ എഴുന്നള്ളിച്ച റോബോര്‍ട്ട് ആന കൗതുകമായി. തുമ്പിക്കൈയും ചെവിയും തലയും ആട്ടി ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ആനയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു റോബോര്‍ട്ട് ആനയും എഴുന്നള്ളിപ്പിന് മാറ്റുകൂട്ടിയത്.
പൂക്കാട് നിന്നും എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോള്‍ റോബോര്‍ട്ട് ആനയായിരുന്നു താരം. അടുത്ത് നിന്ന് സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുമെല്ലാം ആളുകളുടെ തിരക്കായിരുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിബന്ധനകള്‍ നിലവിലുണ്ട്. ഉത്സവ ആഘോഷങ്ങള്‍ സുരക്ഷിതമാക്കാനായി മുന്നോട്ടുവെക്കാവുന്ന നല്ലൊരു മാതൃകയെന്ന തരത്തിലാണ് ഇത്തരമൊരു ആനയെ കൊണ്ടുവന്നതെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നത്.
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്നാണ് ആനയെ കൊണ്ടുവന്നത്. ഇരുപതിനായിരം രൂപയോളമാണ് ഇതിന് ചെലവായത്.
Summary: