റോഡില്‍ നിന്ന് തെന്നിമാറി മതിലിലേക്ക്; കാക്കൂര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


കാക്കൂര്‍: ബാലുശ്ശേരി – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാക്കൂകുഴിയില്‍ അയിഷ മന്‍സില്‍ അബൂബക്കൂറിന്റെ വീടിന്റെ മതിലിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് മരങ്ങള്‍ മുറിഞ്ഞ് വീണു. തെങ്ങ്, മാവ് എന്നിവയാണ് മുറിഞ്ഞ് വീണത്. മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്. എഎസ്‌ഐ കെ.കെ.ലിനീഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി.