രണ്ടു വര്‍ഷം മുമ്പ് പൊട്ടിപ്പൊളിഞ്ഞ റോഡ് ഇതുവരെ പുതുക്കി പണിതില്ല; കാപ്പാട് തീരദേശ റോഡിനോടുള്ള അവഗണനക്കെതിരെ യുഡിഎഫിന്റെ ‘കടലിരമ്പം’


കൊയിലാണ്ടി: കാപ്പാട് തീരദേശ റോഡിനോടുള്ള അവഗണനക്കെതിരെ ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കടലിരമ്പം മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ ടി.ടി ഇസ്മയില്‍ യു.ഡി. എഫ് ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥനും കണ്‍വീനര്‍ എം.പി മൊയ്തീനും പതാകകള്‍ കൈമാറി ക്കൊണ്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

രണ്ടു വര്‍ഷം മുന്‍പ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് പോയ റോഡ് ഇതുവരെ പുതുക്കി പണിയാത്തതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മാര്‍ച്ച് സംഘടിപ്പിച്ചത്. റോഡു തകര്‍ന്ന ഉടന്‍ എംഎല്‍എയുടെ കൂടെ സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഒരു മാസത്തിനകം റോഡു പുന:സ്ഥാപിക്കുമെന്നുറപ്പ് നല്‍കിയിട്ട് 2 വര്‍ഷം കഴിഞ്ഞെന്നും പിന്നീട് മന്ത്രി ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ എം.പി മൊയ്തീന്‍ കോയ സ്വാഗതവും ഷരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മനോജ് കാപ്പാട്, ഷബീര്‍ എളവന ക്കണ്ടി,റസീന ഷാഫി, ശശിധരന്‍ കുനിയില്‍, പി.പി. അബ്ദുള്‍ ലത്തീഫ്, അബ്ദുള്ളക്കോയ വലിയാണ്ടി, എം.കെ മമ്മദ് കോയ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.പി അബ്ദുള്‍ സമദ്, റഷീദ് വെങ്ങളം, വിജയന്‍ കണ്ണഞ്ചേരി, അബ്ദുല്‍ ഹാരിസ്, വത്സല പുല്ലത്ത്, ആലിക്കോയ ഹിദായത്ത് തുടങ്ങിയവര്‍ സംസാരിച്ചു.