” ദേശീയപാതയില്‍ കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍ നാളെ ഇതിലും ഭീകരമായി കൊല്ലത്തും സംഭവിക്കാം, ബലപ്പെടുത്തല്‍ പ്രവൃത്തി ഫലംകാണില്ലെന്ന് വ്യക്തമായി” കുന്ന്യോറമല നിവാസികള്‍ ആശങ്കയില്‍
കൊല്ലം: ദേശീയപാതയില്‍ കണ്ണൂക്കരയില്‍ മണ്ണിടിച്ചലുണ്ടായ സാഹചര്യത്തില്‍ സമാനമായ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കുന്ന്യോറമല മേഖലയിലുള്ളവര്‍ ആശങ്കയില്‍. കുന്ന്യോറമലയില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ബലപ്പെടുത്തല്‍ എന്ന പേരില്‍ ഇരുമ്പുകമ്പികള്‍ ഉള്ളിലേക്ക് അടിച്ചുകയറ്റി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. സമാനമായ രീതയില്‍ ബലപ്പെടുത്തല്‍ നടന്ന മുക്കാളിയില്‍ ഇന്ന് രാവിലെ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി കോണ്‍ക്രീറ്റ് ഭിത്തിയടക്കം തകര്‍ന്നതോടെ കുന്ന്യോറമല നിവാസികള്‍ക്കിടയില്‍ ആശങ്കയേറിയിട്ടുണ്ട്.
കൊങ്കണ്‍ റെയില്‍വേയ്ക്ക് അരികിലടക്കം മണ്ണിടിച്ചില്‍ തടയാന്‍ ഈ രീതിയിലുള്ള ബലപ്പെടുത്തലാണ് നടത്തിയെന്നും ഇതിന് അപകട സാധ്യതയില്ലെന്നും അവകാശപ്പെട്ടാണ് വാഗാഡ് ബലപ്പെടുത്തല്‍ ജോലികള്‍ തുടങ്ങിയത്. എന്നാല്‍ കുറച്ചുദിവസമായി ഇവിടെ ജോലികളൊന്നും നടക്കുന്നില്ല. ഈ പ്രവൃത്തികൊണ്ട് ഫലമില്ലെന്നുകണ്ടാണ് വാഗാഡ് പണി നിര്‍ത്തിവെച്ചതെന്നാണ് സംശയിക്കുന്നതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കേരളത്തിലെ കാലാവസ്ഥ വ്യത്യസ്തമാണ്. ശക്തമായ മഴയെ അതിജീവിക്കാന്‍ ഈ ബലപ്പെടുത്തല്‍ പ്രവൃത്തിക്ക് ആവില്ല. നിലവില്‍ ഒരു ചതുരശ്രമീറ്ററില്‍ അഞ്ച് കമ്പികള്‍ എന്ന നിലയില്‍ 11 മീറ്ററോളം ആഴത്തിലാണ് ഇരുമ്പുകമ്പികള്‍ അടിച്ചുകയറ്റിയിരിക്കുന്നത്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന ഭയമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
കമ്പികള്‍ക്കിടയിലൂടെ വെള്ളം അരിച്ചുകയറി മണ്ണിടിച്ചല്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇനി മണ്ണിടിയുമ്പോള്‍ പതിനൊന്ന് മീറ്റര്‍ ഭാഗത്തെ മണ്ണ് ഒറ്റയടിച്ച് ഇടിഞ്ഞുതാഴുന്ന സ്ഥിതിവരും. ദേശീപാതയില്‍ നിന്നും 30മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്ന ഇവിടെ മണ്ണിടിച്ചലുണ്ടായാല്‍ വലിയ തോതിലുള്ള ആളപായങ്ങള്‍ക്കടക്കം വഴിവെക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
അപകട സാധ്യത കണക്കിലെടുത്ത് കുന്ന്യോറമലയില്‍ നിന്നും എട്ടു കുടുംബങ്ങള്‍ കുറച്ചുകാലങ്ങളായി മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. ഇവരുടേതടക്കം വീടുകള്‍ പൊളിച്ച് ഇവിടെ രണ്ടുതട്ടുകളാക്കി മണ്ണിടിച്ചല്‍ സാധ്യത കുറയ്ക്കാനുള്ള ശ്രമവും വാഗാഡ് അധികൃതര്‍ നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ പകുതിയോളം വരുന്ന തുകയാണ് വീടുകള്‍ക്ക് ഇവര്‍ വാഗ്ദാനം ചെയ്യുന്നതെന്നാല്‍ പ്രദേശവാസികള്‍ ഇതിന് സമ്മതം നല്‍കിയിട്ടില്ല. കൂടാതെ സ്ഥലം ഏറ്റെടുക്കാനും വാഗാഡ് തയ്യാറാവുന്നില്ല. രണ്ടുതട്ടുകളാക്കിയാല്‍ തന്നെ ഈ സ്ഥലം ആരും വാങ്ങാന്‍ തയ്യാറാവില്ലെന്നും അപകട ഭീഷണി പൂര്‍ണമായി ഒഴിയില്ലയെന്നതിനാല്‍ ഇവിടെ വീണ്ടും വീടുപണിത് താമസിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.