പുസ്തകത്തിനകത്തും പുറത്തുമുള്ള കാര്യങ്ങള്‍ കുട്ടികളുമായി സംവദിച്ച് കവി; തിക്കോടിയന്‍ സ്മാരക ജി.വി.എച്ച്.എസിലെ വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി കവി വിരാന്‍കുട്ടിയുമൊത്തുള്ള കവിയോടൊപ്പം പരിപാടി
പയ്യോളി: തിക്കോടിയന്‍ സ്മാരക ജി.വി.എച്ച്.എസില്‍ വായനവാരവുമായി ബന്ധപ്പെട്ട് നടത്തിയ ‘കവിയോടൊപ്പം ‘ പരിപാടി കുട്ടികള്‍ക്ക് നവ്യാനുഭവമായി. കവി പ്രൊഫ. വീരാന്‍കുട്ടിയാണ് പരിപാടിയില്‍ പങ്കെടുത്തത്.
ജീവിതം കൊണ്ട് എന്തെങ്കിലും ചെറിയ അടയാളപ്പെടുത്തലുകള്‍ സാധ്യമാക്കാന്‍ ഓരോരുത്തര്‍ക്കുമുള്ള കഴിവുകള്‍ ബോധ്യപ്പെടുത്തി അതിനുള്ള ശ്രമം ആരംഭിക്കേണ്ടതുണ്ടെന്നും കവി കുട്ടികളെ ഓര്‍മ്മപ്പെടുത്തി. പഠിക്കാനുള്ള കവിതയുടെ രചയിതാവ് തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ കുട്ടികള്‍ അത്ഭുതത്തോടെ കവിയെ സ്വീകരിച്ചു.
പുസ്തകത്തിനകത്തും പുറത്തുമുള്ള കാര്യങ്ങള്‍ കുട്ടികള്‍ കവിയുമായി സംവദിച്ചത് വേറിട്ട അനുഭവമായി. ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ വീരാന്‍കുട്ടിയുടെ ‘സ്മാരകം’ എന്ന കവിത കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. വായന വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ കുട്ടികളും തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെയും എസ്.പി.സി കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദന കുറിപ്പുകളുടെയും പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.
പ്രാചീന കാല കവികളില്‍ നിന്ന് പകര്‍ന്നു കിട്ടിയ കവിതയുടെ നാമ്പ് പല കാലത്ത് പല കവികളിലൂടെ കൈമാറി ഇപ്പോള്‍ ഈ കുഞ്ഞുങ്ങളില്‍ നവപ്രകാശമായി കയ്യെഴുത്തു മാഗസിന്റെ രൂപത്തില്‍ എത്തിച്ചേര്‍ന്നു എന്ന് കവി അഭിപ്രായപ്പെട്ടു. കുട്ടികള്‍ വ്യത്യസ്ത പേരില്‍ നിര്‍മിച്ച ആയിരത്തില്‍ പരം കയ്യെഴുത്ത് മാഗസിന്റെ പിന്നിലെ സര്‍ഗാത്മകതയെ അദ്ദേഹം അഭിനന്ദിച്ചു.
പ്രധാനാധ്യാപകന്‍ പി.സൈനുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷനായി. എസ്.ആര്‍.ജി കണ്‍വീനര്‍ സി. രാജീവന്‍ മാസ്റ്റര്‍, യു.കെ.അനിത, പി.ടി.എ മെമ്പര്‍ കെ.രാജേഷ്, സി.ഉഷ എന്നിവര്‍ സംസാരിച്ചു. സ്മിത നീലാംബരി സ്വാഗതവും വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ സി.കെ.രാജേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ മലയാള വിഭാഗവും വിദ്യാരംഗം കലാസാഹിത്യവേദിയും സ്‌കൂള്‍ ലൈബ്രറി വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.