ഗുരുദേവ കോളേജ് പ്രിന്‍സിപ്പാള്‍ കോളേജിലെത്തി; പ്രദേശത്ത് കനത്ത പൊലീസ് കാവല്‍


കൊയിലാണ്ടി: കനത്ത പൊലീസ് കാവലില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്ന് കോളേജിലെത്തി. കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ പയ്യോളി, പേരാമ്പ്ര പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരടക്കം രണ്ടുവാഹനങ്ങളില്‍ അന്‍പതോളം പൊലീസുകാരാണ് കോളേജിന്റെ സുരക്ഷിതത്വത്തിനായി നിയോഗിച്ചിട്ടുള്ളത്.

ജൂലൈ ഒന്നിന് ഗുരുദേവ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് അധികൃതരും തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോളേജിനും പ്രിന്‍സിപ്പാള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പിക്കാനും കോടതി നിര്‍ദേശമുണ്ട്. ഇതുപ്രകാരമാണ് കോളേജിന് പൊലീസ് സംരക്ഷണം നല്‍കിയത്.

പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ കോടതി എസ്.എഫ്.ഐ നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ ഒന്നിനാണ് ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പാളും എസ്.എഫ്.ഐ പ്രവര്‍ത്തകരും സംഘര്‍ഷം നടന്നത്. ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിന്റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രിന്‍സിപ്പാള്‍ മര്‍ദ്ദിച്ചതെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാലുവിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.