പുഴയോര ഭംഗി ആസ്വദിക്കാന്‍ ഏറുമാടവും ഊഞ്ഞാലും; കൊയിലാണ്ടി കൊടക്കാട്ടുമുറിയില്‍ ഒരുങ്ങുന്ന സ്‌നേഹതീരം ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലേയ്ക്ക്
കൊയിലാണ്ടി: കൊടക്കാട്ടുമുറി താഴെ പുഴയോരത്ത് ഒരുക്കുന്ന ‘സ്നേഹതീരം ‘ ജൈവവൈവിധ്യ പാര്‍ക്കിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്. നഗരസഭ നാലാം വാര്‍ഡില്‍ കോഴിക്കോട് ജൈവവൈവിധ്യ ബോര്‍ഡിന്റെയും പരിസരവാസികളുടെയും കുടുംബശ്രീ യൂണിറ്റിന്റെയും പ്രകൃതിസ്നേഹികളുടെയും വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ മാഷിന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്.
ജനകീയ ശുചീകരണം ഊഞ്ഞാല്‍ നിര്‍മ്മാണവുമാണ് ഇനി ബാക്കിയുള്ളത്. ജനകീയബോര്‍ഡ് നല്‍കിയ അവാര്‍ഡ് തുകയില്‍ നിന്നും 1.75 ലക്ഷം രൂപ ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 75 ഓളം അപൂര്‍വ്വ വൃക്ഷ തൈകളും ഇരിപ്പിടവും പുഴോര ഭംഗി ആസ്വദിക്കുവാനായി ഏറുമാടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുമാണ് പാര്‍ക്കിലേയ്ക്കുള്ള വൃക്ഷതൈകള്‍ ശേഖരിച്ചത്.
‘സ്നേഹതീരം’ രൂപപ്പെട്ടത്, പ്രകൃതിസ്നേഹികളുടെ ദീര്‍ഘനാളത്തെ അന്വേഷണഫലമായാണ്. വിവിധയിനം പുഴയോര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും ശലഭങ്ങള്‍ക്കായി പുഷ്പിത സസ്യങ്ങള്‍ വളര്‍ത്തിയും സായാഹ്നങ്ങളില്‍ അകലാപ്പുഴയുടെ കുളിര്‍കാറ്റ് ആസ്വദിക്കാന്‍ പാകത്തില്‍ ഇരിപ്പിട ബെഞ്ചുകള്‍ സ്ഥാപിച്ചും മരത്തിന്റെ ശിഖരങ്ങളില്‍ ഏറുമാടം രൂപപ്പെടുത്തിയും അവധിക്കാലങ്ങളില്‍ കൊച്ചുകൊച്ചു കൂട്ടായ്മകള്‍ക്ക് ഒത്തുകൂടാനും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിപഠനം നടത്താനും മുതിര്‍ന്നപൗരന്മാര്‍ക്ക് ഒത്തുകൂടാനും ഉതകുന്ന തരത്തിലാണ് 200 മീറ്ററോളം നീളമുള്ള ഈ പുഴത്തീരപാര്‍ക്ക് രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ അഭിപ്രായപ്പെട്ടു.
സെപ്തംബര്‍ ഏഴിന് ഉദ്ഘാടനം നടത്താനാണ് ഉദ്ദേശം.
ഇവിടെ നട്ടുപിടിപ്പിച്ചിട്ടുള്ള എഴുപത്തഞ്ചോളം വൃക്ഷതൈകളുടെ സവിശേഷതകള്‍ ക്യൂആര്‍ കോഡ് സഹിതം ലഭ്യമാകും. ഇത് പഠനത്തിനായി എത്തുന്ന കുട്ടികള്‍ക്കും കൂടാതെ ഏതൊരാള്‍ക്കും ഏറെ ഉപകാരപ്പെടുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പഠനത്തോടൊപ്പം പ്രകൃതി നിരീക്ഷണം, പുഴയോര നടത്തം, സൂര്യാസ്തമയ ദര്‍ശനം, ഊഞ്ഞാലാട്ടം, സെല്‍ഫി പോയിന്റ്, ‘സേവ് ദ ഡേറ്റ് ഷൂട്ട്’, ശലഭോദ്യാനം, എന്നിവ ഈ പാര്‍ക്കിന്റെ പ്രത്യേകതകളില്‍ ചിലതു മാത്രമാണ്. യാതൊരുവിലക്കും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പാര്‍ക്കും വൃക്ഷത്തെകളും നശിപ്പിക്കരുതെന്നടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.