വടകരയിലെ കാഫിർ പ്രയോഗം: മുൻ എംഎൽഎ കെ.കെ ലതികയുടെ മൊഴിയെടുത്തു, അന്വേഷണം ശക്തമാക്കി പോലീസ്‌


വടകര: വടകരയിലെ കാഫിർ പ്രയോഗത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്‌. കേസില്‍ സി.പി.എം സംസ്ഥാനസമിതി അംഗവും സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും  മുൻ എംഎൽഎയുമായ കെ.ക. ലതികയുടെ മൊഴിയെടുത്തു. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്.

വനിതാ എസ്.ഐ ധന്യാ കൃഷ്ണന്‍ മൊഴി രേഖപ്പെടുത്തി. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ്‌ കെ.കെ ലതികയുടെ വീട്ടിലെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് വിവാദമായ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്‌. എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് കാസിമിന്റെ പേരിലാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്‌. തുടര്‍ന്ന് സംഭവത്തില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കുകയും പോലീസ് 25ന് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സന്ദേശം മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പോലീസ് പരാതി നല്‍കിയിരുന്നു. പിന്നാലെ യുഡിഎഫും ആര്‍എംപിയും വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് വടകര എസ്പി ഓഫീസിന് മുമ്പില്‍ ധര്‍ണയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തിയത്.