നൃത്തസന്ധ്യയുമായി നവ്യയെത്തും, ഒപ്പം സംഗീത വിരുന്നുമായി സിത്താരയും; മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം


കടിയങ്ങാട്: മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഇന്ന് തുടക്കം. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജല വെെദ്യുതി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് പെരുവണ്ണാമുഴി ഫെസ്റ്റിന്റെ ആരംഭദിനത്തിലെ പ്രധാന ആകര്‍ഷണം.

മെയ് ഏഴ് വരെയുള്ള രണ്ടാഴ്ച  നീണ്ട് നില്‍ക്കുന്ന ഫെസ്റ്റില്‍ ഓരോ ദിവസങ്ങളിലും  പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, കാര്‍ണിവല്‍, എക്‌സ്പോ, ജലോത്സവം, പുഷ്പമേള, ബോട്ടിംഗ്, ഇക്കോ ടൂറിസം പവലിയന്‍, വനയാത്ര തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടനവധി പരിപാടികള്‍ അരങ്ങേറും. പഞ്ചായത്തിലെ കലാകാരന്‍മാരുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ഗ്രാമോത്സവം, സിത്താര കൃഷ്ണകുമാറിന്റെ ഗാനമേള, സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, , കെ.പി.എ.സി.യുടെ അപരാജിതന്‍ നാടകം, ഇശല്‍ നിലാവ്, ചിലമ്പൊലി ജില്ലാതല സംഘനൃത്ത മത്സരം എന്നിവയും ഫെസ്റ്റിനോടനുബന്ധിച്ച് അരങ്ങേറും.

കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമില്‍ ടൂറിസം വികസനവും ബോട്ടിങ്ങും നടപ്പാക്കിയതിന് ശേഷം കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കമ്പവലി, കളരിഗ്രാമം പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, പുസ്തകോത്സവം, വനയാത്ര, പ്രകൃതി ചിത്രരചന, ട്രക്കിം​ഗ് എന്നിവയും ഫെസ്റ്റിന്റെ ഭാ​ഗമായി നടക്കും.

200 രൂപയുടെ ടിക്കറ്റിൽ ചക്കിട്ടപാറ പഞ്ചായത്തിലെ ഒരുവീട്ടിൽ നിന്ന്‌ മുഴുവൻ കുടുംബാംഗങ്ങൾക്കും പരിപാടികൾ കാണാം. പുറത്തുനിന്നെത്തുന്നവർക്ക് 50 രൂപ പ്രവേശന ഫീസുണ്ടാകും. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, വനംവകുപ്പ്, കൃഷിവകുപ്പ്, കെഎസ്ഇബി, ചക്കിട്ടപാറ സഹകരണ ബാങ്ക്, ചക്കിട്ടപാറ വനിതാ സൊസൈറ്റി എന്നിവരാണ് സംഘാടകർ.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രതിഡന്റ് കെ.സുനില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തുടങ്ങിയവർ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും.