കണയങ്കോട്ട് പുഴയില്‍ ചാടിയ ആളെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊർജിതമാക്കി, കൂടുതല്‍ സ്കൂബാ ടീം അം​ഗങ്ങൾ രംഗത്ത്‌


കൊയിലാണ്ടി: രാവിലെ ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കണയങ്കോട് പുഴയില്‍ നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുന്നു. അത്തോളി പോലീസ്, കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം, സ്‌കൂബാ ടീം എന്നിവരാണ് തിരച്ചില്‍ നടത്തുന്നത്.

നാല് പേരടങ്ങുന്ന സ്‌കൂബാ ടീമാണ് തിരച്ചില്‍ നടത്തുന്നത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ നിന്നും എസ്.ടി.ഒ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ വി.പി.രജീഷ്, ഇന്ദ്രജിത്ത്, ജാഹിര്‍, ഹേമന്ത്, വിനീഷ്, സുജിത്ത് എന്നിവരാണ് തിരച്ചില്‍ നടത്തുന്നത്. ഇവര്‍ക്കൊപ്പം പ്രദേശവാസികളും സജീവമായി രംഗത്തുണ്ട്. ചാടിയ ആളുടെതാണെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ തെരച്ചിലിനിടെ പുഴയില്‍ നിന്നും കണ്ടെത്തിയതായി വിവരമുണ്ട്.

എംഎല്‍എ കാനത്തില്‍ ജമീല, കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. രാവിലെ ആരംഭിച്ച തിരച്ചില്‍ സന്ധ്യയാവുന്നതോടെ നിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം.

കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു; രംഗത്തുള്ളത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ പാലത്തിന് സമീപം ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതാണ് പുഴയിലേക്ക് ആരോ ചാടിയെന്ന സംശയത്തിന് ഇടയാക്കിയത്‌. ചാവിയും ബൈക്കില്‍ തന്നെയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര ചാലിക്കര സ്വദേശിയുടെ ബൈക്കാണിതെന്നാണ് വിവരം.

കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് തിരച്ചില്‍