വെള്ളത്തില്‍ കുളിച്ചുകൊണ്ടിരിക്കെ അപകടത്തില്‍പ്പെട്ടു, ചീനച്ചേരി പുഴയില്‍ മുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ക്ക് തുണയായത് പ്രദേശവാസികളായ യുവാക്കളുടെ അവസരോചിത ഇടപെടല്‍; ആദരിച്ച് ഡി.വൈ.എഫ്.ഐ


വെങ്ങളം: ചീനച്ചേരി പുഴയില്‍ മുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ക്ക് തുണയായത് പ്രദേശവാസികളായ യുവാക്കളുടെ അവസരോചിത ഇടപെടല്‍. യദുലാല്‍ കൊളക്കണ്ടത്തില്‍, നിതിന്‍ വായോളി, അജില്‍ സോനു ഇല്ലത്ത് എന്നീ യുവാക്കളാണ് കുട്ടികള്‍ക്ക് രക്ഷയ്‌ക്കെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ചീനച്ചേരി കയര്‍ സൊസൈറ്റിക്ക് അടുത്തായി പുഴയില്‍ ചൂണ്ടയിടുകയായിരുന്നു പ്രദേശവാസികളായ യദുലാലും നിതിനും, അജില്‍ സോനുവും. ഒരു കുട്ടി കരഞ്ഞുകൊണ്ട് അതുവഴി വന്നതോടെയാണ് കാര്യം തിരക്കി. പേടിച്ചതിനാല്‍ ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു കുട്ടി, ദൂരെ പുഴയിലേക്ക് ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. അങ്ങോട്ട് നോക്കിയപ്പോഴാണ് മൂന്ന് കുഞ്ഞുങ്ങള്‍ പുഴയില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത് കണ്ടത്. ഉടനെ മൂവരും ഓടി അവിടെയെത്തി.

രണ്ടു കുട്ടികളെ ഉടന്‍ തന്നെ കരയ്‌ക്കെടുത്തു. പിന്നീട് നോക്കുമ്പോള്‍ മൂന്നാമനെ കാണുന്നില്ല. ഉടനെ തിരച്ചിലായി. അല്പസമയത്തെ പരിശ്രമത്തിനൊടുവില്‍ മൂന്നാമനെയും കണ്ടെത്തി. പക്ഷേ കുട്ടി അബോധാവസ്ഥയിലായിരുന്നു. സി.പി.ആര്‍ നല്‍കിയപ്പോള്‍ ശ്വാസം വീണ്ടെടുത്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥിയിലാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.

കുട്ടികളെ രക്ഷിച്ച യുവാക്കളെ ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.