ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത! ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലെ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും
കോഴിക്കോട്: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമാകാൻ പുതിയ പാസഞ്ചർ ട്രെയിനായ ഷോർണൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുക. ഷൊര്‍ണൂരില്‍ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. വെെകീട്ട് ജോലി കഴിഞ്ഞെത്തുന്നവർക്ക് സ്പെഷ്യൽ ട്രെയിൻ ഏറെ ഉപകാരപ്രദമാകും.
വെെകീട്ട് 5.30 ന് കോഴിക്കോടെത്തുന്ന ട്രെയിൻ 6.01 ന് കൊയിലാണ്ടിയിലും 6.20 ന് വടകരയിലും എത്തും. കോഴിക്കോട് നിന്ന് രണ്ട് മണിക്കൂർ 10 മിനിറ്റ് കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തും. കോഴിക്കോട് വിട്ടാൽ കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ട്രെയിൻ 6.33 മാഹിയിലും 6.48 തലശ്ശേരിയിലും എത്തും. എന്നാൽ കണ്ണൂരിലെത്താൻ 7.40 ആകും.
നിലവിൽ വെെകീട്ട് അഞ്ച് മണിയുടെ പരശുറാമും 5.10 ന്റെ നേത്രാവതിയും കഴിഞ്ഞാൽ 6.15 നുള്ള കണ്ണൂർ എക്സ്പ്രസാണ് വടകരയിലേക്കുള്ള അടുത്ത ട്രെയിൻ. പരശുറാമില്‍ കാലുകുത്താന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. നേത്രാവതിയില്‍ ആവട്ടെ ആകെയുള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രവും.
ദേശീയപാതയുടെ നിർമ്മാണവും റോഡിലെ വെള്ളക്കെട്ടും കാരണം സീസൺ ടിക്കറ്റുകാർക്ക് പുറമേ മറ്റാവശ്യങ്ങൾക്കുമായി വടകരയിലെയും സമീപപ്രദേശങ്ങളിലുള്ളവരും കോഴിക്കോടെത്താൻ ഇപ്പോൾ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ നല്ല തിരക്കാണ് രാവിലെയും വെെകീട്ടും ട്രെയിനിൽ അനുഭവപ്പെടുന്നത്. പരശുറാമിലെ തിരക്ക് കാരണം ട്രെയിനിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നതും സ്ഥിരം സംഭവമായിരുന്നു.
6.15 ന് കണ്ണൂര്‍ എക്‌സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോഴിക്കോട് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും.
നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് ട്രെയിന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്‌സിക്യൂട്ടീവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഇതോടെ കാസര്‍കോട് പോകാനുള്ള സാധാരണ യാത്രക്കാര്‍ പെരുവഴിയിലാവും. യാത്രാ ദുരിതത്തിന് മെമു സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനാണിപ്പോള്‍ പരിഹാരമാകുന്നത്.