കൊയിലാണ്ടി മാപ്പിള വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടം സി.എച്ച്.മുഹമ്മദ് കോയയുടെ പേരില്‍ അറിയപ്പെടും; ഉത്തരവിറങ്ങി


കൊയിലാണ്ടി: ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടത്തിന് സി.എച്ച്.മുഹമ്മദ് കോയയുടെ പേര് നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച കോഴിക്കോട് ജില്ലാ വിദ്യാ ഉപഡയറക്ടറുടെ ഉത്തരവ് പുറത്തുവന്നു.

പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന് സി.എച്ച്.മുഹമ്മദ് കോയയുടെ പേര് നല്‍കുന്നതുസംബന്ധിച്ച പി.ടി.എ യോഗ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് നടപടി. 3.75 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം ഇനി സി.എച്ചിന്റെ പേരില്‍ അറിയപ്പെടും.

സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 2015 ലെ പി.ടി.എ പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ വി.പി.ഇബ്രാഹിംകുട്ടി 2015 ഏപ്രില്‍ 28ന് നഗരസഭ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ ഏരിയ ഡവലപ്മെന്റ് കോര്‍പറേഷനാണ് 3.75 കോടിയുടെ 21 ക്ലാസ്സ് മുറികളുള്ള മൂന്ന് നിലകെട്ടിടത്തിന് ഭരണാനുമതി നല്‍കിയത്. കെട്ടിടത്തിന് കൊയിലാണ്ടിയില്‍ പഠിച്ചു വളര്‍ന്ന് പിന്നീട് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമൊക്കെയായ സമയത്ത് മാപ്പിള സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നേതൃത്വം നല്‍കിയ സി.എച്ചിന്റെ പേര് പുതിയ കെട്ടിടത്തിന് നല്‍കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ പി.ടി.എ തീരുമാനിക്കുകയായിരുന്നു.

2015 ഡിസംബറില്‍ ചേര്‍ന്ന പി.ടി.എ യോഗത്തിലും 2018 സെപ്റ്റംബറില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സിലിലും ഐകകണ്ഠ്യേന തീരുമാനിക്കുകയും ചേര്‍ന്നിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍നടപടി നീണ്ടുപോകുകയായിരുന്നു. മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി അംഗവും നഗരസഭ കൗണ്‍സിറുമായ വി.പി ഇബ്രാഹിംകുട്ടിയുടെ നീണ്ട പോരാട്ടത്തിന്റെ ഫലമായാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ സി.എച്ചിന്റെ പേര് നല്‍കിക്കൊണ്ട് ഉത്തരവായിരിക്കുന്നതെന്ന് ലീഗ് വ്യക്തമാക്കി. അദ്ദേഹത്തെ മുനിസിപ്പല്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, 38-വാര്‍ഡ് മുസ്‌ലിം ലിഗ് കമ്മിറ്റി എന്നിവര്‍ അഭിനന്ദിച്ചു.